ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീല്‍ ചിറകടിച്ചുയരുന്നു ; അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ടു ; സോളില്‍ അഞ്ചുഗോളടിച്ചു ജയം നേടി

സോള്‍ : ലോകകപ്പ് യോഗ്യത നേടിയതിന് പിന്നാലെ നടന്ന ആദ്യ സൗഹൃദ അന്താരാഷ്ട്ര മത്സരത്തില്‍ ഏഷ്യയിലെ കരുത്തരായ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ട് ലാറ്റിനമേരിക്കന്‍ ശക്തികളും മുന്‍ ലോകകപ്പ് ജേതാക്കളുമായ ബ്രസീല്‍. സിയോളില്‍ നടന്ന ദക്ഷിണ കൊറിയക്കെതിരായ വെള്ളിയാഴ്ചത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 5-0 നായിരുന്നു മഞ്ഞക്കിളികളുടെ ജയം.
എസ്റ്റെവാവോയും റോഡ്രിഗോയുമായിരുന്നു താരങ്ങള്‍. ഇരുവരും രണ്ടുതവണ വീതം ഗോള്‍ നേടി ബ്രസീലിന് മികച്ച ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയര്‍ അഞ്ചാം ഗോളും കൂട്ടിച്ചേര്‍ത്തു. ബ്രൂണോ ഗിമാരെസിന്റെ മികച്ച പാസില്‍ നിന്ന് വലയുടെ മുകളിലേക്ക് പന്ത് എത്തിച്ച എസ്റ്റെവാവോയാണ് ആദ്യഗോള്‍ നേട്ടം നടത്തിയത്.
വിനീഷ്യസിന്റെ കട്ട്-ബാക്കിന് മുകളിലൂടെ കടന്ന് പോയ ശേഷം, കാസെമിറോയുടെ ഫസ്റ്റ്-ടൈം പാസ് സ്വീകരിച്ച് കൃത്യതയോടെ വലയിലെത്തിച്ച റോഡ്രിഗോ രണ്ടാംഗോള്‍ നേടി. സ്വന്തം ബോക്‌സില്‍ കിം മിന്‍-ജാക്ക് പന്ത് നഷ്ടപ്പെടുത്തിയത് മുതലെടുത്ത് ചെല്‍സി താരം എസ്റ്റെവാവോ ഹാഫ് ടൈമിന് തൊട്ടുപിന്നാലെ 3-0 ന് ലീഡ് വര്‍ദ്ധിപ്പിച്ചു. കൂടാതെ മികച്ച വിനീഷ്യസ് അസിസ്റ്റിനെത്തുടര്‍ന്ന് രണ്ട് മിനിറ്റിനുള്ളില്‍ റോഡ്രിഗോ നാലാമത്തെ ഗോളും നേടി. ഒരു ക്ലീയര്‍ ചെയ്ത കോര്‍ണറില്‍ നിന്നും മാത്യൂസ് കുന്‍ഹ വിനീഷ്യസിന് പന്തു നല്‍കി. സ്വന്തം ഹാഫില്‍ നിന്നും കുതിച്ചു വിനീഷ്യസിന്റെ ഓട്ടം ഗോളിലാണ് അവസാനിച്ചത്.
കടുപ്പമേറിയ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചാം സ്ഥാനക്കാരായിട്ടാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്. യൂറോപ്പില്‍ വലിയ റെക്കോഡുള്ള പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടിക്ക് കീഴിലാണ് ബ്രസീല്‍ ഇത്തവണ ലോകകപ്പ് കളിക്കാനായി എത്തുന്നത്. കഴിഞ്ഞ കുറേ ലോകകപ്പുകളില്‍ എളുപ്പത്തില്‍ പുറത്താകുന്ന ടീമിനെ മികച്ച ആക്രമണഫുട്‌ബോളിന്റെ വഴിയില്‍ എത്തിച്ചിരിക്കുകയാണ് ആഞ്ചലോട്ടി. അടുത്ത സൗഹൃദമത്സരം ജപ്പാനെതിരേയാണ്.
രാജ്യതലസ്ഥാനത്തെ ശക്തമായ മഴയില്‍ തിങ്ങിനിറഞ്ഞ സിയോള്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ മികച്ച ഫുട്‌ബോളും ഇടവേളയിലെ കെ-പോപ്പ് പ്രകടനവും കാണികളെ ആദ്യാവസാനം ആസ്വദിപ്പിച്ചു. 137-ാം സീനിയര്‍ ക്യാപ് നേടിയ തങ്ങളുടെ ഏറ്റവും വലിയ താരവും ടോട്ടനം ഹോട്‌സ്്പറിന്റെ മുന്‍ താരവുമായ സണ്‍ ഹ്യൂങ്-മിന്നിന് ആദരവ് അര്‍പ്പിച്ചാണ് ദക്ഷിണകൊറിയ കളിക്കാനിറങ്ങിയത്.






