Breaking NewsLead News

മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ച് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ; ആക്രമണം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. വടിവാളിന് വെട്ടിയതിനെ തുടര്‍ന്ന് ഡോക്ടറുടെ തലയ്ക്ക് പരിക്കേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.

മൂര്‍ച്ചയുള്ള കൊടുവാള്‍ പോലുള്ള ആയുധം കൊണ്ടായിരുന്നു സനൂപിന്റെ ആക്രമണം. ഡോ. വിപിനാണ് തലയ്ക്ക് പരിക്കേറ്റത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുഞ്ഞിനോ കുടുംബത്തിനോ നീതികിട്ടില്ലെന്നും പറഞ്ഞതായാണ് വിവരം.

Signature-ad

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് കുട്ടി അമീബിക് മസ്തിഷ്‌ക ബാധയെ തുടര്‍ന്ന് മരിച്ചത്. പിന്നാലെ കുട്ടിയ്ക്ക് ചികിത്സ നല്‍കിയതുമായി ബന്ധപ്പെട്ട് താമരശേരി താലൂക്കാശുപത്രിയില്‍ പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു.

പനി കൂടി ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

 

Back to top button
error: