Breaking NewsKeralaLead NewsNEWS

ഏറ്റുമുട്ടലുകള്‍ക്കുശേഷം ആദ്യമായി മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രമില്ല, ചടങ്ങില്‍ നിലവിളക്ക് മാത്രം; ‘എങ്കിലും’ വിയോജിപ്പ് പരസ്യമാക്കി പിണറായി

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനുശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ ‘രാജഹംസ് ‘ ജേര്‍ണല്‍ പ്രസിദ്ധീകരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. ജേര്‍ണല്‍ ശശി തരൂര്‍ എം.പിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശനച്ചടങ്ങില്‍ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. ഭാരതാംബ ചിത്രം ഔദ്യോഗിക ചടങ്ങുകളില്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

അതിനിടെ, രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി ചടങ്ങില്‍ പരസ്യമാക്കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്. സര്‍ക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതോ ആയ ലേഖനങ്ങള്‍ മാസികയില്‍ വരാം. അത് ലേഖകന്റെ അഭിപ്രായം മാത്രമാണ്. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ലേഖകന്‍ എഴുതിയിരിക്കുന്നത് സര്‍ക്കാരിന്റെ അഭിപ്രായമല്ല. ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരില്‍ വരുന്നു എന്നുകരുതി അത് സര്‍ക്കാരിന്റെ അഭിപ്രായമാകില്ലെന്നും പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Signature-ad

അതേസമയം, മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെയാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ചടങ്ങില്‍ സംസാരിച്ചത്. മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് തരൂരിനോട് ചോദിച്ചു മനസിലാക്കി എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ രാജ്ഭവനുകളുടെ പേര് ലോക് ഭവന്‍ എന്നുമാറ്റണമെന്ന് ശശി തരൂര്‍ ചടങ്ങില്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: