അച്ഛനാരാമോന്‍!!! മൂത്രമൊഴിക്കാന്‍ വഴിയിലിറക്കി, കൈവിലങ്ങുമായി രക്ഷപ്പെട്ടു; മോഷണക്കേസ് പ്രതികളായ അച്ഛനും മകനുമായി തിരച്ചില്‍

തിരുവനന്തപുരം: അഞ്ച് കടകളിലും പാലോട് സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്തലവിയും പിതാവ് അയൂബ്ഖാനുമാണ് രക്ഷപ്പെട്ടത്. വയനാട്ടില്‍നിന്ന് പിടികൂടി പാലോടേയ്ക്ക് കൊണ്ടുവരുമ്പോള്‍ കടയ്ക്കല്‍ ചുണ്ടയില്‍ വച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ പൊലീസ് വാഹനം നിര്‍ത്തി ഒരാളുടെ കൈവിലങ്ങ് ഊരി. തുടര്‍ന്നാണ് ഇരുവരും രക്ഷപ്പെട്ടത്.
ഇവര്‍ രക്ഷപ്പെട്ട പ്രദേശം മലയോര മേഖലയാണ്. കൃഷിയിടങ്ങളും കാടുമായതിനാല്‍ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. നന്ദിയോട് കള്ളിപ്പാറയില്‍ വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തിയത്. മോഷണം നടന്ന പിറ്റേ ദിവസം ഇവര്‍ കെട്ടിടത്തിന്റെ ഉടമയെ അറിയിക്കാതെ, താക്കോല്‍ പോലും കൈമാറാതെ മുങ്ങി. ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. മുന്‍പ് പെരിങ്ങമ്മല മേഖലയിലും അനവധി മോഷണങ്ങള്‍ നടത്തി നാട്ടുകാര്‍ പിടികൂടിയിട്ടുണ്ടെന്ന് പറയുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലടക്കം കേസുകളുണ്ട്.






