ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍നിന്ന് ചെമ്പുപാത്രം; ഉള്ളില്‍ രത്നവും സ്വര്‍ണരൂപങ്ങളും

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്ന് ലഭിച്ച ചെമ്പുപാത്രത്തില്‍ രത്നവും സ്വര്‍ണരൂപങ്ങളും പുരാതന നാണയവും ഉള്‍പ്പടെയുള്ള വസ്തുക്കള്‍.
ഗണപതി, സുബ്രഹ്‌മണ്യന്‍, കരിനാഗം പ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്, കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണം. ഗോമേദകം എന്ന തേന്‍നിറത്തിലെ ചെറിയ രത്നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വര്‍ണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീര്‍ത്ഥം നല്‍കുന്ന ഉദ്ദരണിയും ലഭിച്ചു.
1822ല്‍ ഇറക്കിയ കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയവും ഇതില്‍ ഉണ്ടായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ (വാല്യുബിള്‍ വിഭാഗം) ഷീജ, ദേവസ്വം അപ്രൈസര്‍ രാമചന്ദ്രന്‍, ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണര്‍ ബിജു ആര്‍.പിള്ള തുടങ്ങിയവരും തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടും ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാടും വസ്തുക്കള്‍ പരിശോധിച്ചു. ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇവ ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍ പറഞ്ഞു.
പുനരുദ്ധരിക്കുന്ന ഗണപതിയുടെ ശ്രീകോവില്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഇതിനുള്ളിലെ സുബ്രഹ്‌മണ്യപ്രതിഷ്ഠ ദംഷ്ട്രങ്ങളോടെ ക്രോധരൂപത്തിലുള്ളതാണ്. നാഗപ്രതിഷ്ഠ ചുറ്റമ്പലത്തിനുള്ളില്‍ ഉളളതും അത്യപൂര്‍വ്വമാണ്.






