കിളിമാനൂരിലെ ഗൃഹനാഥന്റെ മരണം: എസ്എച്ച്ഒയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി

തിരുവനന്തപുരം: കിളിമാനൂരില്‍ 59 കാരന് വാഹനമിടിച്ച് മരിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എസ്എച്ച്ഒ അനില്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. എസ്എച്ച്ഒ പി അനില്‍കുമാര്‍ ഒരാഴ്ചയായി ഒളിവിലാണ്.
പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍കുമാര്‍ ഓടിച്ച വാഹനമിടിച്ച് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന് ( 59) ആണ് മരിച്ചത്. സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായതായി റൂറല്‍ എസ്പി, ദക്ഷിണമേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
വാഹനം ഇടിച്ച് ഒരാള്‍ വീഴുന്നത് കണ്ടിട്ടും നിര്‍ത്താതെ പോയത് ഗുരുതരമായ കുറ്റകൃത്യമാണ്. ഒരു പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു വീഴ്ചയുണ്ടായത് നിസ്സാരമായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. പുലര്‍ച്ചെ 5.30 -ഓടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്നു രാജനെ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ക്കിടന്ന രാജനെ കിളിമാനൂര്‍ പൊലീസ് കേശവപുരം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.






