Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഷൈന്‍ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍, ചോദ്യംചെയ്യാന്‍ പൊലീസ്; വീട്ടില്‍ പരിശോധന, മൊബൈല്‍ പിടിച്ചെടുത്തു

കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന് പൊലീസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദശിച്ചത്. ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. വീട്ടില്‍നിന്ന് ഗോപാലകൃഷ്ണന്റെ ഫോണ്‍ കണ്ടെടുത്തെന്നും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക് പേജില്‍ നിന്നാണ് തനിക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചതെന്ന് ആരോപിച്ച് ഷൈന്‍ നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസാണ് കേസെടുത്തത്. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും യുട്യൂബറായ കെ.എം.ഷാജഹാന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസുണ്ട്. ഷൈനിനും വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴിയെടുത്തിരുന്നു.

Signature-ad

സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ അവഹേളനപരമായി വന്ന ലിങ്കുകളും മറ്റും ഷൈന്‍ പൊലീസിനു കൈമാറിയിരുന്നു. സമൂഹ മാധ്യമ കമ്പനികളില്‍നിന്ന് ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടിയിരിക്കുകയാണ് പൊലീസ്. അതിനിടെയാണ് ഗോപാലകൃഷ്ണനു വേണ്ടി തിരച്ചില്‍ നടക്കുന്നത്. കേസെടുത്തതിനു പിന്നാലെ ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു. താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ വന്ന വിഡിയോ ഷെയര്‍ ചെയ്യുക മാത്രമാണുണ്ടായതെന്നും അതില്‍ ഷൈനിനെ പേരെടുത്ത് അപമാനിച്ചിട്ടില്ലെന്നും കേസെടുക്കുന്നതിന് തൊട്ടുമുന്‍പ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Back to top button
error: