Breaking NewsLead NewsNEWSWorld

താരിഫ് യുദ്ധവും ചീറ്റിയതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ ‘മയക്കുമരുന്ന്’ അധിക്ഷേപം; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി ട്രംപ്; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കെന്നും ആരോപണം

വാഷിംഗ്ടണ്‍: താരിഫ് യുദ്ധം വേണ്ടത്ര ഫലം കാണാതെ വന്നതോടെ അനധികൃത ലഹരിമരുന്ന് ഉത്പാദനവും കടത്തും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി അമേരിക്കയുടെ പുതിയ നീക്കം. മയക്കുമരുന്ന് ഉത്പാദന രാജ്യങ്ങളെന്നാണ് ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ക്കെതിരായ ട്രംപിന്റെ പുതിയ ആക്ഷേപം. തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച ‘പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനില്‍’ ആണ് പ്രധാന മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ പ്രധാന നിയമവിരുദ്ധ മയക്കുമരുന്ന് ഉല്‍പ്പാദനം നടത്തുന്നവരായി ട്രംപ് വിവിധ രാജ്യങ്ങളെ മുദ്രകുത്തുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്നുകളുടെയും അനുബന്ധ രാസവസ്തുക്കളുടെയും ഉല്‍പാദനവും കടത്തും അമേരിക്കയുടെയും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു.

താരിഫ് തര്‍ക്കങ്ങള്‍ പരിഹാരമാകാതെ തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ വീണ്ടും അധിക്ഷേപവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പെറു, മെക്സിക്കോ, ബഹാമാസ്, ബെലീസ്, ബൊളീവിയ, മ്യാന്‍മര്‍, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, വെനസ്വേല എന്നിവയാണ് ട്രംപിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.

Signature-ad

റിപ്പോര്‍ട്ടില്‍ ചൈനയെ പേരെടുത്ത് പറഞ്ഞും ട്രംപ് വിമര്‍ശിക്കുന്നുണ്ട്. ഫെന്റനൈല്‍ ഉല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നും ഇതിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടം എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. നൈറ്റാസീനുകള്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെ സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. ട്രംപിന്റെ താരിഫ് യുദ്ധത്തിന് എതിരെ ചൈനയുടെ നേതൃത്വത്തില്‍ പുതിയ ലോകക്രമം രൂപം കൊള്ളുന്നു എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ ആക്ഷേപം. യുഎസിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാന പങ്കുള്ള രാജ്യങ്ങള്‍ എന്ന നിലയിലാണ് ട്രംപ് പട്ടിക കോണ്‍ഗ്രസിന് സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതില്‍ സര്‍ക്കാരുകള്‍ ഇടപെട്ട് ലഹരി പ്രോത്സാഹിപ്പിക്കുന്നു എന്ന അര്‍ത്ഥമില്ലെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.

യുഎസ് കേന്ദ്രീകൃത ലോകക്രമത്തിന് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനിടയില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 23 രാജ്യങ്ങളെ നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഉല്‍പ്പാദകരായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ബുധനാഴ്ച ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലാണ് ട്രംപിന്റെ പ്രഖ്യാപനം. നിയമവിരുദ്ധമായി മയക്കുമരുന്നുകളും രാസലഹരികളും ഉല്‍പ്പാദിപ്പിച്ച് കയറ്റി അയക്കുന്ന ഈ രാജ്യങ്ങള്‍ യുഎസിന്റെയും പൗരന്മാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ട്രംപ് പറഞ്ഞു. പ്രതികാരച്ചുങ്കവും മറ്റ് ഭീക്ഷണികളും ഉയര്‍ത്തി ലോകരാജ്യങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി ഏല്‍ക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

‘ലഹരിയുത്പാദനവും കടത്തുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ കാര്യക്ഷമമായി നടപടികള്‍ സ്വീകരിക്കുന്നുണ്ടായിരിക്കാം. എങ്കിലും, ഭൂമിശാസ്ത്രവും വാണിജ്യപരവും സാമ്പത്തികവുമായ ഘടകങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇത് യു.എസുമായുള്ള സഹകരണത്തിന്റെ അഭാവമല്ല സൂചിപ്പിക്കുന്നത്’- വൈറ്റ് ഹൗസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ലഹരിവിരുദ്ധ നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ അഞ്ച് രാജ്യങ്ങള്‍ സമ്പൂര്‍ണ പരാജയമാണെന്ന് യു.എസ് പട്ടിക പറയുന്നു. അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ്മ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ ലഹരിക്കെതിരെ നടപടികള്‍ തൃപ്തികരമല്ലെന്നും പ്രകടമായ പരാജയമാണെന്നും പരാമര്‍ശമുണ്ട്.

അഫ്ഗാനിസ്ഥാല്‍ താലിബാന്‍ നടപ്പിലാക്കിയ മയക്കുമരുന്ന് നിരോധനത്തെയും ട്രംപ് തള്ളി. മെത്താംഫെറ്റാമൈന്‍ ഉല്‍പാദനവും സംഭരണവും നിര്‍ബാധം തുടരുകയാണെന്നും അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ഇത്തരത്തില്‍ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തലുണ്ട്. ‘താലിബാനിലെ ചില അംഗങ്ങള്‍ ലഹരി വ്യാപാരത്തില്‍ നിന്ന് ലാഭം നേടുന്നത് തുടരുന്നു, ലഹരിക്കടത്തും ഉത്പാദനവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടു’- ട്രംപ് പറഞ്ഞു.

കൊളംബിയയില്‍, പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഭരണകൂടം കൊക്കെയ്ന്‍ ഉല്‍പാദനത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇത് വര്‍ഷങ്ങളായി യു.എസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. നിക്കോളാസ് മഡുറോയുടെ ‘ക്രിമിനല്‍ ഭരണകൂടത്തിന്’ കീഴില്‍ വെനിസ്വേല കൊക്കെയ്ന്‍ കടത്തിന്റെ കേന്ദ്രമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെന്റനൈല്‍ ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ‘ലോകത്തിലെ ഏറ്റവും വലിയ ഉറവിടം’ ചൈനയാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഈ രാസവസ്തുക്കളുടെ കയറ്റുമതി തടയുന്നതില്‍ ബീജിംഗ് പരാജയപ്പെട്ടത് മെക്സിക്കോയിലൂടെയും യു.എസിലേക്കും ഫെന്റനൈല്‍ ഒഴുകാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ നൈറ്റാസീനുകള്‍, മെത്താംഫെറ്റാമൈന്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രധാന വിതരണക്കാരും ചൈനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

18 നും 44 നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം പ്രധാന മരണകാരണമായി മാറിയിട്ടുണ്ട്. 40 ശതമാനത്തിലധികം അമേരിക്കക്കാര്‍ക്കും ഓപിയോയിഡ് ലഹരിയുപയോഗം മൂലം മരിച്ച ഒരാളെയെങ്കിലും അറിയാം. 2024ല്‍ മാത്രം പ്രതിദിനം ശരാശരി 200 പേരാണ് രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം മൂലം മരിച്ചത്. യു.എസിലേക്കുള്ള ലഹരിയൊഴുക്കിനെതിരെ നടപടി സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്ക് ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Back to top button
error: