Breaking NewsKeralaLead NewsNEWS

മുത്തങ്ങയില്‍ മാപ്പില്ല, നേരിട്ടത് കൊടിയ മര്‍ദനം; ആന്റണിയുടെ കുമ്പസാരത്തിന് മറുപടിയുമായി ജാനു

കല്‍പ്പറ്റ: മുത്തങ്ങയിലെ പൊലീസ് മര്‍ദനത്തില്‍ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മര്‍ദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അര്‍ഹതയില്ലെന്നും ജാനു സ്വകാര്യ ചാനലിനോട് പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരപീഡനത്തിന് വിധേയരായി. ആ വേദന അങ്ങനെതന്നെ നിലനില്‍ക്കും. വൈകിയവേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നുപറഞ്ഞതില്‍ സന്തോഷമുണ്ട്. അവിടെ സമരംചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമിനല്‍കാന്‍ തീരുമാനം ആയെങ്കിലും ഒരു പ്ലോട്ടുപോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ല’-ജാനു പറഞ്ഞു.

Signature-ad

മുത്തങ്ങയില്‍ വെടിവയ്പ്പ് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും ജാനു പറഞ്ഞു. ‘വെടിവയ്പ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. വെടിവയ്പ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വെടിവയ്പ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് എതിരായിരുന്നു. സമരം ചെയ്തപ്പോള്‍ ഒരു കാരാര്‍ ഉണ്ടാക്കുന്നതും ഭൂമി ആദിവാസികള്‍ക്ക് നല്‍കാനുളള പ്രാരംഭനടപടി ഉണ്ടാകുന്നതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അപ്പോഴുണ്ടാക്കിയ വ്യവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. അതൊക്കെ അംഗീകരിക്കുമ്പോഴും മുത്തങ്ങയിലെ വെടിവയ്പ്പും അക്രമവും പൈശാചികമായിരുന്നു എന്നുതന്നെയാണ് വിലയിരുത്തല്‍’- ജാനു വ്യക്തമാക്കി.

ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് എകെ ആന്റണി പറഞ്ഞത്. ‘ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേട്ടു. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. അവിടെ കുടില്‍ കെട്ടിയപ്പോള്‍ എല്ലാ പാര്‍ട്ടികളും മാദ്ധ്യമങ്ങളും അവരെ ഇറക്കി വിടണമെന്നാവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി.മൂന്നു ദിവസം കേന്ദ്രം കത്ത് നല്‍കി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തത്- എന്നാണ് ആന്റണി പറഞ്ഞത്.

Back to top button
error: