Breaking NewsIndiaLead NewsNEWS

ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണം; സൗദി-പാക് പ്രതിരോധ കരാര്‍, ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി/റിയാദ്: സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചുവരികയാണെന്ന് ഇന്ത്യ. കരാറിനെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യയ്ക്ക് ധാരണയുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോള-ദേശീയ സുരക്ഷ ഉറപ്പാക്കാനും കരാര്‍ സമഗ്രമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ബുധനാഴ്ചയാണ് സൗദിയും പാകിസ്താനും തമ്മില്‍ നിര്‍ണായകമായ പ്രതിരോധകരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദി രാജാവ് സല്‍മാനും കരാറില്‍ ഒപ്പുവെച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പാക് പ്രധാനമന്ത്രി ഇന്നലെ റിയാദ് സന്ദര്‍ശിച്ചത്. റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ വെച്ച് സൗദി കിരീടാവകാശി ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഏകദേശം എട്ട് പതിറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തില്‍ ഊന്നിയാണ് പ്രതിരോധ കരാര്‍ നടപ്പിലാക്കുന്നത് എന്നാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായതായെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

പാകിസ്താനും സൗദിയും തമ്മില്‍ സമഗ്രമായ പ്രതിരോധ കരാറിലാണ് ഒപ്പുവെച്ചത്. എല്ലാ സൈനിക മാര്‍ഗങ്ങളും ഇതിലുള്‍പ്പെടുന്നുവെന്നാണ് കരാറിനെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള പ്രകോപനം ഇരുകൂട്ടര്‍ക്കുമെതിരേയുള്ള പ്രകോപനമായി കണക്കാക്കുമെന്നാണ് കരാറിലെ പ്രധാനപ്പെട്ടൊരു ഉടമ്പടി. പഹല്‍ഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ പ്രത്യാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്. സൗദി അറേബ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദി മൂന്ന് തവണ സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2016-ല്‍ അദ്ദേഹത്തിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് സാഷ് ലഭിച്ചിരുന്നു.

സെപ്റ്റംബര്‍ 9ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ കരാര്‍ നിലവില്‍ വരുന്നതെന്നും ശ്രദ്ധേയം.

Back to top button
error: