നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് ; ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയും പ്രതിഷേധം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഛണ്ഡീഗഡില്‍ യൂത്ത് കോണ്‍ഗ്രസ് തൊഴിലില്ലായ്മ ദിനം ആചരിച്ചു. ഛണ്ഡീഗഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ലബാന നയിച്ച പ്രകടനത്തില്‍ ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഡല്‍ഹിയിലും ഛണ്ഡീഗഡിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ചായയും സമൂസയും ഉണ്ടാക്കിയായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം. ‘ഇന്ത്യയ്ക്ക് വേണ്ടത് വോട്ട് മോഷണമല്ല, മറിച്ച് തൊഴിലവസരങ്ങളാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വോട്ട് മോഷണമാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്, ‘നൗക്രി ചോര്‍ ഗഡ്ഡി ഛോഡ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
അതേസമയം, 75-ാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍. മധ്യപ്രദേശിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഥാറില്‍ കൂറ്റന്‍ റോഡ് ഷോയും പൊതുയോഗത്തില്‍ പ്രസംഗവും നടത്തി.
‘രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കാനാണ്. സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ല.’ നരേന്ദ്ര മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷത്തെ പ്രമുഖര്‍ നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് മോദിയെ ആശംസ അറിയിച്ചിരുന്നു.






