Breaking NewsCrimeLead NewsNEWS

ട്രക്ക് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി, രക്ഷിച്ചത് ‘തട്ടിപ്പ് ഐ.എ.എസുകാരി’യുടെ വീട്ടില്‍നിന്ന്; പോലീസിനെ തടഞ്ഞ് അമ്മ

മുംബൈ: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട വാഹനം പിടിച്ചെടുക്കാനായി പോലീസ് എത്തിയപ്പോള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട്, സസ്പെന്‍ഷനിലുള്ള ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറുടെ കുടുംബം വീണ്ടും വിവാദത്തില്‍. പൂജയുടെ അമ്മ മനോരമ ഖേദ്കറാണ് പോലിസിനെ തടഞ്ഞത്.

നവി മുംബൈ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പ്രഹ്ളാദ് കുമാര്‍ ഓടിച്ചിരുന്ന മിക്സര്‍ ട്രക്ക്, മുളുന്ദ്-ഐരോളി റോഡില്‍ വെച്ച് കാറുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ചെറിയ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പ്രഹ്ളാദിനെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി 150 കിലോമീറ്റര്‍ അകലെ പുണെയിലെ ഒരു വീട്ടിലെ മുറിയില്‍ അടച്ചിട്ടു.

Signature-ad

എന്നാല്‍ പ്രഹ്ളാദ് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഹ്ളാദ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനം പൂണെയിലാണെന്നും സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വസതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും മനസ്സിലായി. പോലീസ് സംഘം അവിടെനിന്ന് പ്രഹ്ളാദ് കുമാറിനെ രക്ഷപ്പെടുത്തി.

എന്നാല്‍, മനോരമ ഖേദ്കര്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും വാതില്‍ തുറക്കാന്‍ വിസമ്മതിക്കുകയും പോലീസിനോട് മോശമായി പെരുമാറി ജോലി തടസ്സപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി റബാലെ പോലീസിന് മുന്നില്‍ ഹാജരാകാന്‍ മനോരമയ്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വാഹനം, ഖേദ്കര്‍ കുടുംബവുമായി ബന്ധമുള്ള പൂജ ഓട്ടോമൊബൈല്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, പ്രഹ്ളാദ് കുമാറിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

മഹാരാഷ്ട്ര കേഡറിലെ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ ഖേദ്കറെ അച്ചടക്കമില്ലായ്മയും അധികാര ദുര്‍വിനിയോഗവും കാരണം പൂണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ വര്‍ഷമാദ്യം, അവകാശങ്ങള്‍ ദുരുപയോഗം ചെയ്തതിനും സര്‍വീസ് രേഖകളിലെ പൊരുത്തക്കേടുകള്‍ക്കും പൂജ ഖേദ്കറിനെ സിവില്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡും ചെയ്തിരുന്നു.

തന്റെ ആഡംബര ഓഡി കാറില്‍ അവര്‍ അനധികൃതമായി ബീക്കണും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചിഹ്നവും സ്ഥാപിച്ചിരുന്നു. ഇതും വിവാദമായി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി ആനുകൂല്യങ്ങളും ഭിന്നശേഷിക്കാര്‍ക്കുള്ള ഇളവുകളും പൂജ അനര്‍ഹമായി നേടിയെടുത്തതായും ആരോപണമുണ്ട്.

 

Back to top button
error: