Breaking NewsKeralaLead NewsNEWS

കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി

തൃശൂര്‍: കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ: യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.

എസ്എഫ്ഐ- കെഎസ്‌യു സംഘട്ടനക്കേസില്‍ അറസ്റ്റിലായ 3 കെഎസ്‌യു പ്രവര്‍ത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തല മൂടിയും കൈവിലങ്ങ് അണിയിച്ചും പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ വിമര്‍ശിച്ച മജിസ്ട്രേട്ട് നസീബ് എ അബ്ദുല്‍ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

Signature-ad

കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, ജില്ലാ കമ്മിറ്റിയംഗം അല്‍ അമീന്‍, കിള്ളിമംഗലം ആര്‍ട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു തല മൂടി മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു. തിരിച്ചറിയല്‍ പരേഡ് വേണ്ടതിനാലാണു മുഖം മൂടിയത് എന്നായിരുന്നു വിശദീകരണം. എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയ അതേ പ്രതികളെ തന്നെയാണ് കോടതിയില്‍ ഹാജരാക്കിയത് എന്നതിനാല്‍ എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നല്‍കാനായില്ല.

 

Back to top button
error: