പരാതിക്കാരി മുന്‍കൈയ്യടുത്ത് സ്ഥാപിച്ച സൗഹൃദം, വേര്‍പിരിഞ്ഞതും അവര്‍; ഇപ്പോള്‍ ബ്ളാക്ക്മെയിലെന്ന് വേടന് ; അഞ്ചു തവണ വിവാഹവാഗ്ദാനം ചെയ്തെന്നും ലഹരിയില്‍ ക്രൂര ബലാത്സംഗം ചെയ്തെന്നും യുവതി

കൊച്ചി: ലൈംഗികപീഡനാരോപണത്തില്‍ റാപ്പര്‍ വേടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേടനെതിരേ ബലാത്സംഗ കുറ്റത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഹൈക്കോടതി മൂന്‍കൂര്‍ജാമ്യം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിട്ടയയ്ക്കും.
വേടനെതിരേ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേടനെ ആറു മണിക്കൂറാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തത്. തന്നെ ബ്ളാക്ക്മെയില്‍ ചെയ്യുക എന്നതാണ് ഈ പരാതിയുടെ ഉദ്ദേശമെന്നാണ് വേടന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പരാതിക്കാരി മുന്‍കൈയ്യടുത്ത് സ്ഥാപിച്ച സൗഹൃദമായിരുന്നു അതെന്നും പിന്നീട് അവര്‍ തന്നെയാണ് സൗഹൃദത്തില്‍ നിന്നും പിന്തിരിഞ്ഞ് പോയതെന്നും വേടന് നല്കിയ മൊഴിയില്‍ പറയുന്നു.
അതേസമയം വേടനെതിരേ കൃത്യമായ ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും പോലീസിന്റെ പക്കലുണ്ടെന്ന് വിവരമുണ്ട്. ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ വേടന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതില്‍ നിന്നും ഇവര്‍ നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തിയിട്ടുണ്ട്്. ഇതിന് പുറമേ യുവതി പരാതിയില്‍ ചില സാക്ഷികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവരെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്തുമണിയോടെയാണ് വേടനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്. നേരത്തേ വേടന്റെ ഹര്‍ജിയില്‍ ചില വിമര്‍ശനങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചിരുന്നു.
ഉഭയസമ്മതത്തോടെയുള്ള ബന്ധം തുടങ്ങിയിട്ട് പിരിയുമ്പോള്‍ പരാതി പറയുന്നത് ശരിയാണോ എന്നായിരുന്നു ചോദിച്ചത്. അഞ്ചു തവണ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും ഒരു തവണ ലഹരി ഉപയോഗിച്ച് വേടന് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് യുവതി നല്‍കിയിട്ടുള്ള പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. വേടനെതിരേ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാലാണ് അറസ്റ്റ് നടപടികളെന്നാണ് വിവരം. അതേസമയം മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കും.






