Breaking NewsKeralaLIFENEWSNewsthen Special

പ്രായമായ അമ്മയ്ക്ക് ചെലവിന് കൊടുക്കില്ലെന്ന് മകന്‍ ; മാസം 2000 വെച്ച് നല്‍കണമെന്ന് ആര്‍ഡിഒ കോടതി ; ഒരുവര്‍ഷമായിട്ടും ഒന്നും കൊടുക്കാത്ത യുവാവിനെ പണം നല്‍കുന്നത് വരെ ജയിലിലിട്ടു…!

കാസര്‍കോട്: പ്രായമായ മാതാവിന് ചെലവിന് നല്‍കാനാകില്ലെന്ന് കോടതിയെ അറിയിച്ച മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മാതാവിന് കുടിശ്ശികയടക്കമുള്ള തുക നല്‍കിയെങ്കില്‍ മാത്രമേ മകന് ഇനി വെളിച്ചം കാണാനാകു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും കണക്കാക്കുന്ന 5(8), ബിഎന്‍എസ് 144 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ (46) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മാതാവ് കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ് എന്ന 68 കാരിയാണ് പരാതിയുമായി കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്. ഇതേ തര്‍ക്കത്തില്‍ ഒരു വര്‍ഷം മുമ്പ് ഏലിയാമ്മയ്ക്ക് മാസം രണ്ടായിരം രൂപ വീതം ചെലവിനായി നല്‍കണമെന്ന് പ്രതീഷിനോട് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു.

Signature-ad

എന്നാല്‍ മകന്‍ ഈ തുക ഇതുവരെ നല്‍കിയിരുന്നില്ല. തുടര്‍ന്ന് മകന്‍ കോടതി നിര്‍ദേശിച്ച കാര്യം ചെയ്യുന്നില്ലെന്ന് കാണിച്ച് അഞ്ചു മാസം മുന്‍പ് ഏലിയാമ്മ ആര്‍ഡിഒ കോടതിയിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനകം കുടിശിക ഉള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണല്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന പ്രതീഷിന് നോട്ടീസുമയച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ഹാജരായപ്പോഴെല്ലാം തനിക്ക് പണം നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതീഷ് നിലപാട് എടുത്തു.

ജൂലൈ 31-നകം ഒരു ഗഡു നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണലും അറിയിച്ചു. വിചാരണ വേളയിലും പണം നല്‍കാനാവില്ലെന്ന് പ്രതീഷ് ആവര്‍ത്തിച്ചതോടെ ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമുളള തുക നല്‍കുന്നതുവരെ ജയിലില്‍ ഇടാന്‍ വിധിക്കുകയായിരുന്നു. ആര്‍ഡിഒ ബിനു ജോസഫ് ആണ് ഉത്തരവിട്ടത്. ഇതോടെ പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു.

Back to top button
error: