വലതു വശത്തേക്ക് വായുവിൽ പറന്നുയർന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, സഞ്ജുവിനായി ആർത്തുവിളിച്ച് ചെപ്പോക്ക്…

ചെന്നൈ: സൂപ്പർ എട്ടിലെ രണ്ടാം മൽസരത്തിൽ സിംബാബ്വെയെ 72 റൺസിന് തോൽപ്പിച്ച് സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൽസരത്തിൽ ബാറ്റിങ്ങിനൊപ്പം കിടിലനൊരു വൺ ഹാൻഡ് ക്യാച്ചും കൊണ്ട് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സഞ്ജു.
അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം രണ്ടാം പന്ത് തന്നെ സിക്സർ പറത്തിയാണ് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് താരം മടങ്ങിയെങ്കിലും അപ്പോഴേക്കും അഭിഷേകിന് അടിച്ചു കളിക്കാം എന്ന ധൈര്യം വന്നിരുന്നു. അതുപോലെ വിക്കറ്റിന് പിന്നിലും മാസ്മരിക പ്രകടനമാണ് സഞ്ജു ഇന്നലെ പുറത്തെടുത്തത്.
രണ്ടാം ഇന്നിങ്സിൻറെ അവസാന ഓവറിലാണ് ആരാധകരെ ഞെട്ടിച്ച ആ പ്രകടനം. അവസാന ഓവറിലെ മൂന്നാമത്തെ പന്ത് ശിവം ദുബെ എറിയുന്നു. 101.5 കി.മീ വേഗതയിലുള്ള പന്ത് തഷിങ്ക മുസ്കിവ അടിച്ചു പറത്താൻ ശ്രമിച്ചു. പന്തിൻറെ അറ്റത്ത് തട്ടി വിട്ടതും വിക്കറ്റ് കീപ്പർ സഞ്ജുവിൻറെ വലത് ഭാഗത്തേക്ക് പറന്നു. ഞൊടിയിടയിൽ വലത്തേക്ക് ഉയർന്നു ചാടിയ സഞ്ജു ഒറ്റക്കൈ കൊണ്ട് പന്ത് പറന്ന് പിടിച്ചു.
ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെയെന്നായിരുന്നു കമൻറേറ്റർമാർ പോലും വാഴ്ത്തിയത്. ചെപ്പോക്ക് ഇളകി മറിഞ്ഞു. വിക്കറ്റ് കീപ്പറായുള്ള സഞ്ജുവിൻറെ മികവ് എടുത്ത് കാട്ടുന്നതാണ് ആ ക്യാച്ചെന്ന് ആരാധകരും പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ 109 കെ ലൈക്സാണ് ആ ഒരു ക്യാച്ചിന് ലഭിച്ചത്.
അതേസമയം ചെപ്പോക്കിൽ കളത്തിലിറങ്ങുന്നതിനു മുൻപ്തന്നെ ഇന്ത്യയ്ക്ക് ആദ്യത്തെ ആശ്വാസം എത്തിയിരുന്നു, വിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഒൻപത് വിക്കറ്റ് ജയം. പിന്നാലെ ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയ്ക്കാനുള്ള സിക്കന്ദർ റാസയുടെ തീരുമാനവും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ടൂർണമെൻറിൽ ആദ്യമായി അർധസെഞ്ചുറിയുമായി (55) അഭിഷേക് ശർമ തിളങ്ങിയപ്പോൾ പിന്നാലെ വന്നവരാരും നിരാശപ്പെടുത്തിയില്ല. ഇഷാൻ കിഷൻ 38 ഉം സൂര്യകുമാർ 33 റൺസെടുത്ത് സ്കോർ ഉയർത്തി. ആറാമനായെത്തി 44 റൺസുമായി തിലകും അർധ സെഞ്ചുറിയുമായി പാണ്ഡ്യയും കളം നിറഞ്ഞപ്പോൾ 256 റൺസിന്റെ വമ്പൻ സ്കോർ തന്നെ പടുത്തുയർത്തി.
23 പന്തിൽ നിന്ന് ഹാർദിക് അർധസെഞ്ചുറി നേടിയപ്പോൾ ടൂർണമെൻറിൽ ഇതുവരെ മങ്ങിയ ഫോമിലുണ്ടായിരുന്ന തിലക് വർമ വെടിക്കെട്ട് ബാറ്റിങിലേക്ക് ഉയർന്നു. മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്വെയ്ക്ക് പക്ഷേ ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞില്ല. 97 റൺസുമായി ബെന്നറ്റ് ഒറ്റയ്ക്ക് പൊരുതിയെങ്കിലും സിംബാബ്വെയുടെ പോരാട്ടം 184 റൺസിൽ ഒതുങ്ങി. അർഷ്ദീപിന്റെ മൂന്നുവിക്കറ്റ് നേട്ടം ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി. എന്നാൽ രണ്ടോവറിൽ 46 റൺസാണ് ശിവം ദുബെ വഴങ്ങിയത്.






