നഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും; ഭീതിപരത്തി ‘ന്യൂഡ് ഗാങ്’, തിരച്ചിലിന് ഡ്രോണും

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്’. മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം വിലസുന്നത്. തുടര്‍ച്ചയായി നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നതോടെ നഗ്‌നരായെത്തുന്ന അക്രമികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മേഖലയില്‍ നിരീക്ഷണവും ശക്തമാക്കി.
അടുത്തിടെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീക്ക് നേരേ അതിക്രമമുണ്ടായതോടെയാണ് ‘ന്യൂഡ് ഗാങ്ങി’നെക്കുറിച്ച് പോലീസും പുറംലോകവും അറിയുന്നത്. അതുവരെ സമാനരീതിയില്‍ മൂന്നുതവണ അതിക്രമങ്ങളുണ്ടായിട്ടും ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, അതിക്രമം ആവര്‍ത്തിച്ചതോടെ ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുന്നതാണ് അക്രമികളുടെ രീതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭരാലയിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെയും സമാനരീതിയിലാണ് ആക്രമിച്ചത്. അക്രമികളായ രണ്ടുപേര്‍ ഇവരെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബഹളംവെച്ച യുവതി ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ഉടനെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ത്രീയോട് വിവരം തിരക്കിയപ്പോഴാണ് അക്രമികളായ രണ്ടുപേരും പൂര്‍ണമായും നഗ്‌നരായിരുന്നുവെന്ന് വിവരം കിട്ടിയത്. സംഭവത്തിനുശേഷം ഈ സ്ത്രീ ജോലിക്ക് പോകുന്നത് മറ്റൊരു വഴിയിലൂടെയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുണ്ടായ സമാനസംഭവങ്ങള്‍ നേരത്തേയുണ്ടായിരുന്നെങ്കിലും നാണക്കേട് കാരണം ആരും പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, തുടര്‍ച്ചയായി നാലുതവണ അതിക്രമങ്ങളുണ്ടായതോടെ നാട്ടുകാര്‍ ഭയന്നിരിക്കുകയാണെന്നും പോലീസ് വിശദീകരിച്ചു.
അക്രമികളെ കണ്ടെത്താനായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍ നിരീക്ഷണവും നടത്തി. എന്നാല്‍, പരിശോധനയില്‍ സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് പട്രോളിങ്ങിനായി വനിതാ പോലീസുകാരെയും വിന്യസിച്ചു.
അതേസമയം, ‘ന്യൂഡ് ഗാങ്’ പ്രചരണം വെറും കിംവദന്തിയാണെന്ന് വിശ്വസിക്കുന്നവരെ ഗ്രാമങ്ങളിലുണ്ട്. പോലീസിന്റെയും ഭരണകൂടത്തിന്റെയും പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണമെന്നും ഒരുവിഭാഗം ആരോപിക്കുന്നു.






