കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി പീഡനം; മര്‍ദ്ദനത്തിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടു, ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരന്‍

തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്.
2023 മേയ് 24-നാണ് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ: പി എം രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേഫ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നും ഔസേപ്പ് പറഞ്ഞു.
ഹോട്ടടലിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാലക്കാട് സ്വദേശിയാണ് വ്യാജ പരാതി ഉന്നയിച്ചത്. ഇയാള്‍ ഹോട്ടലില്‍ ബഹളം വെച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചെങ്കിലും അവര്‍ വന്നില്ല. തുടര്‍ന്നാണ് ഹോട്ടല്‍ മാനേജരും ഡ്രൈവറും പരാതി നല്‍കാന്‍ പീച്ചി സ്റ്റേഷനിലെത്തിയത്. എന്നാല്‍ പ്രശ്നമുണ്ടാക്കിയ ആള്‍ക്കൊപ്പമാണ് എസ് ഐ നിന്നത്. ഹോട്ടല്‍ മാനേജരേയും ഡ്രൈവറേയും എസ് ഐ മുഖത്തടിച്ചു. ആദ്യം ഫ്ളാസ്‌കുകൊണ്ട് തലയ്ക്കടിക്കാനും ശ്രമിച്ചു.സംഭവം അറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ തന്നെയും മകനേയും പൊലീസ് ഭീഷണിപ്പെടുത്തി. മകനെ ലോക്കപ്പിലിട്ടെന്നും ഔസേപ്പ് പറഞ്ഞു.
തല്ലുകിട്ടിയ രണ്ടുപേര്‍ക്കും ചികിത്സ നല്‍കിയിരുന്നു. എസ് ഐ മാനസികരോഗിയെ പോലെ അലറിവിളിച്ചാണ് പെരുമാറിയതെന്നും ഔസേപ്പ് പറഞ്ഞു. പ്രശ്നം സംബന്ധിച്ച് സംസാരിക്കാന്‍ എസ് ഐയുടെ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ക്കും മകനുമെതിരെ കേസ് എടുക്കാതിരിക്കാന്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കണമെന്ന് എസ് ഐ പറഞ്ഞു. വധശ്രമം ചുമത്തി കേസ് എടുക്കുമെന്നും പോക്സോ കേസ് അടക്കം ചുമത്തുമെന്നും എസ് ഐ പറഞ്ഞു. ശനിയാഴ്ച ആയതിനാല്‍ ജാമ്യം പോലും ലഭിക്കില്ലെന്നാണ് എസ് ഐ പറഞ്ഞത്. പിന്നാലെയാണ് ഭയന്ന് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഔസേപ്പ് പറഞ്ഞു.
പരാതി ഉന്നയിച്ച ആളുമായി സംസാരിച്ചപ്പോഴാണ് അഞ്ച് ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടത്. ഇതില്‍ മൂന്ന് ലക്ഷം രൂപ പൊലീസിനും രണ്ട് ലക്ഷം രൂപമാത്രമേ തനിക്ക് കിട്ടുകയുള്ളൂവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്. തന്റെ വീട്ടില്‍വെച്ചാണ് പരാതിക്കാരന് പണം നല്‍കിയത്. പണം കിട്ടിയതിന് പിന്നാലെ പരാതി ഇല്ലെന്ന് എസ് ഐയെ കണ്ട് പരാതിക്കാരന്‍ പറഞ്ഞതിന് പിന്നാലെയാണ് മകനേയും ജീവനക്കാരേയും വിട്ടത്. പണം വാങ്ങിയ കാര്യം പൊലീസിന് അറിയാം. നിയമപോരാട്ടം സ്വീകരിക്കുമെന്ന് അറിഞ്ഞതോടെ എസ് ഐ രജീഷ് എത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഔസേപ്പ് പറഞ്ഞു.
2023 മേയ് 24നായിരുന്നു സംഭവം. സംഭവത്തിന് ശേഷം എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ എതിരായിട്ടും സംഭവം നടന്ന് ഒരു മാസത്തിനകം എസ് ഐക്ക് പ്രൊമോഷന്‍ ലഭിച്ചെന്നും ഔസേപ്പ് പറഞ്ഞു. നിരവധി കാരണങ്ങള്‍ ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ നല്‍കാതിരിക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടം നടത്തിയാണ് ഔസേപ്പ് പൊലീസ് സ്റ്റേഷന് അകത്തെ ദൃശ്യങ്ങള്‍ നേടിയത്. വിവരാവകാശ നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൊലീസ് സ്റ്റേഷന് അകത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത് ഇദ്ദേഹത്തിനാണ്. എസ് ഐയെ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഔസേപ്പ്.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ മര്‍ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മറ്റൊരു കസ്റ്റഡി മര്‍ദന ദൃശ്യം പുറത്തുവരുന്നത്. തൃശൂര്‍ സിറ്റി പൊലീസിന് കീഴിലുള്ള രണ്ടാമത്തെ സ്റ്റേഷനിലെ പൊലീസ് മര്‍ദന ദൃശ്യമാണ് ഇതോടെ പുറത്തുവരുന്നത്.






