ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം നില്‍ക്കും, നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്, ഇപ്പോഴാണ് സമയമായത്,ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖുമെല്ലാം തനിക്കുവേണ്ടി പ്രചരണത്തിനിറങ്ങണമെന്നാണ് ആഗ്രഹം- ലക്ഷ്മി പ്രിയ

എറണാകുളം: തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ. പെരുമ്പാവൂരിലാണ് ലക്ഷ്മി ജനവിധി തേടാൻ ഇറങ്ങുന്നത്. പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും തനിക്കറിയാമെന്നും മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. ‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബി.ജെ.പി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. മാത്രമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം.
ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം. ട്വന്റി20 ഇതിനകം തന്നെ വികസനത്തിന്റെ പുതിയൊരു പാത സൃഷ്ടിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ദീർഘനാളായി നടക്കുന്നുണ്ടെന്നും താരം പറഞ്ഞു. ‘അമ്മ’യുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു.
തിരക്കുകൾ കാരണം എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും സംഘടനയുടെ കുടുംബസംഗമം വൻ വിജയമായിരുന്നു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം സഹപ്രവർത്തകരായ താരങ്ങളോട് നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സ്ഥാനാർത്ഥിത്വം അവർക്കൊരു അപ്രതീക്ഷിത വാർത്തയായിരിക്കുമെന്നും ലക്ഷ്മി പ്രിയ കൂട്ടിചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലയാള സിനിമയിലെ മഹാരഥന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സിദ്ധിഖ് എന്നിവർ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അവരെ എല്ലാവരെയും പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി.






