Breaking NewsIndiaLead NewsNEWS

അംബാനിയുടെ വായ്പാ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’; പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ, പുരോഗമിച്ച് ഇഡി അന്വേഷണം

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെയും (ആര്‍കോം) വായ്പാ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’ ആണെന്ന് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ. ആര്‍കോം കോര്‍പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എടുത്ത വായ്പകളുമായി ബന്ധപ്പെട്ടാണ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. അനില്‍ അംബാനിയെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നേരത്തേ നീക്കം ചെയ്തിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ നടപടി സംബന്ധിച്ച് ആര്‍കോം നിയമോപദേശം തേടുകയാണ്.

അനില്‍ അംബാനിയുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് നടപടി. റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, ആര്‍കോം, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് എന്നീ കമ്പനികള്‍ എടുത്ത വായ്പകള്‍ സംബന്ധിച്ച് 13 ബാങ്കുകളില്‍ നിന്നായി ഇ.ഡി വിശദാംശങ്ങള്‍ തേടിയതായും റിപ്പോര്‍ട്ടുണ്ട്. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്

Signature-ad

ഇന്ത്യയിലെ നവി മുംബൈ ആസ്ഥാനമായുള്ള ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. 2019 ജൂണ്‍ മുതല്‍ കമ്പനിയെ കോര്‍പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ നിയമിച്ച റെസലൂഷന്‍ പ്രഫഷനലാണ് അതിന്റെ ബിസിനസും ആസ്തികളും കൈകാര്യം ചെയ്യുന്നത്. നിലവില്‍ അനീഷ് നിരഞ്ജന്‍ നാനാവതിയാണ് ആര്‍കോമിന്റെ റെസലൂഷന്‍ പ്രൊഫഷനല്‍. നേരത്തേ എസ്ബിഐയും, ബാങ്ക് ഓഫ് ഇന്ത്യയും ആര്‍കോമിന്റെ വായ്പാ അക്കൗണ്ടുകള്‍ തട്ടിപ്പാണെന്ന് കണ്ടെത്തിയിരുന്നു.

Back to top button
error: