നല്ല ബന്ധത്തിലായിക്കെ തന്നെ പങ്കാളിക്ക് മറ്റൊരു ബന്ധം; അറിയാം ‘മങ്കി ബാറിങ്’ !

പരസ്പരം ഒരുപാട് പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നു. തന്നെ പ്രണയിച്ചു കൊണ്ടിരുന്ന അതേ സമയത്തു തന്നെ തന്റെ പങ്കാളി മറ്റൊരാളെയും പ്രണയിച്ചുവെന്ന സത്യം അപ്പുറത്തു നില്‍ക്കുന്നയാളെ വല്ലാതെ വേട്ടയാടുന്നു. പങ്കാളിയെ വൈകാരികമായി ചതിക്കുന്ന ഈ ഡേറ്റിങ് രീതിയെ റിലേഷന്‍ഷിപ് വിദഗ്ധര്‍ മങ്കി ബാറിങ് എന്നാണ് വിളിക്കുന്നത്. വൈകാരികമായി സ്ഥിരതയില്ലാത്ത അരക്ഷിതാവസ്ഥയുള്ള, ഒറ്റപ്പെടലിനെ ഭയക്കുന്നയാളുകളാണ് മങ്കി ബാറിങ് ചെയ്യുന്നതെന്നാണ് റിലേഷന്‍ഷിപ് വിദഗ്ധരുടെ വിശദീകരണം.
നിലവില്‍ ഒരു പങ്കാളിയുണ്ടായിരിക്കുകയും അവര്‍ തന്നെ ഉപേക്ഷിച്ചു പോയാല്‍ ഒറ്റപ്പെട്ടു പോകുമോയെന്ന ഭയവും ഉള്ളവരാണ് മങ്കി ബാറിങ് പിന്തുടരുന്നത്. നിലവിലെ പങ്കാളി അവരോട് നൂറു ശതമാനം സത്യസന്ധതയോടെ പെരുമാറിയാലും അവര്‍ അതേ സമയത്ത് മറ്റൊരു പങ്കാളിയെ തേടിപ്പിടിച്ച് പ്രണയിക്കുന്നതില്‍ വ്യാപൃതരാകും. നിലവിലെ പങ്കാളി അറിയാതെ, അവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് പങ്കാളികള്‍ പുതിയ പ്രണയത്തെ കണ്ടെത്തുന്നത്. ഇക്കാലയളവില്‍ ഇവര്‍ വളരെയധികം രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യും.
മങ്കി ബാറിങ്ങും പോളിമോറിയും ഒരുപോലെയല്ലെന്നും പോളിയോമറിയില്‍ പങ്കാളികളെല്ലാം പരസ്പര സമ്മതത്തോടെയാണ് പുതിയ പങ്കാളിയെത്തേടുന്നതും പരാതികളില്ലാതെ പ്രണയം മുന്നോട്ടു കൊണ്ടു പോകുന്നതും. എന്നാല്‍ മങ്കി ബാറിങ്ങില്‍ വിശ്വസ്തരായ പങ്കാളിയെ വൈകാരികമായി ചതിച്ചുകൊണ്ടാണ് പുതിയൊരു പങ്കാളിയെ പ്രണയിക്കുന്നത്. യഥാര്‍ഥത്തിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്താതെ, പരസ്പരം കാര്യങ്ങള്‍ തുറന്നു പറയാതെ പിരിയുന്ന ഈ രീതി വളരെ വേദനാജനകമാണ്. അടുത്തിടെയാണ് ഈ ഡേറ്റിങ് രീതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതെങ്കിലും വളരെക്കാലം മുന്‍പു മുതലേ ഈ ഡേറ്റിങ് രീതി പ്രചാരത്തിലുണ്ടെന്നും റിലേഷന്‍ഷിപ് വിദഗ്ധര്‍ പറയുന്നു.
സ്വന്തം വൈകാരിക ആവശ്യങ്ങളെ നിറവേറ്റാന്‍ കഴിവില്ലാത്തവരാണ് മങ്കിബാറിങ് എന്ന ഡേറ്റിങ് രീതി പിന്തുടരുന്നത്. ഒറ്റപ്പെടലിനെ വല്ലാതെ ഭയക്കുന്ന അവര്‍ പങ്കാളികളെ വൈകാരികമായി വല്ലാതെ ആശ്രയിക്കാറുണ്ട്. പരസ്പരം പ്രണയിക്കുന്ന പങ്കാളികളൊരാള്‍ വൈകാരികമായ അകലം കാണിക്കുമ്പോള്‍ അവര്‍ മങ്കിബാറിങ്ങിലാണെന്നുറപ്പിക്കാം. ഭാവിയെക്കുറിച്ച് വ്യക്തമായി സംസാരിക്കാതിരിക്കുക, പുതിയ പങ്കാളിയുമായി ഏറെ നേരം ചിലവഴിക്കുക, അവരുമായി യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താലും മങ്കി ബാറിങ് സംശയിക്കാം.
മുന്‍പൊക്കെ ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും യാത്ര പോകാനും ഇഷ്ടപ്പെട്ടിരുന്നവര്‍ അതിനൊന്നും മുതിരാതെ സമൂഹമാധ്യമങ്ങളില്‍ നിന്നു പോലും അകലം പാലിച്ചാല്‍ മങ്കി ബാറിങ് സംശയിക്കാം. പങ്കാളി മങ്കി ബാറിങ് ചെയ്യുന്നുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ ആ ബന്ധത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കാതെ ആ ബന്ധത്തില്‍ നിന്ന് പിന്‍മാറുക. അതത്ര എളുപ്പമല്ലെങ്കിലും ആ ബന്ധത്തില്‍ തുടര്‍ന്നാലുള്ള പ്രത്യാഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മാനസിക വേദന തുച്ഛമാണെന്ന് മനസ്സിലാകും. വൈകാരികമായി ചതിക്കുന്ന പങ്കാളികള്‍ നിര്‍മലമായ സ്‌നേഹത്തിലര്‍ഹരല്ലെന്നു തിരിച്ചറിഞ്ഞ് ധൈര്യമായി അതില്‍ നിന്ന് തിരിച്ചു നടക്കണമെന്നും റിലേഷന്‍ഷിപ് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.






