Breaking NewsLead NewsNEWSWorld

യുക്രൈന്‍ സംഘര്‍ഷം ‘മോദി യുദ്ധം’; റഷ്യക്കെതിരായ നീക്കങ്ങളെ അട്ടിമറിക്കുന്നു: ഇന്ത്യക്കെതിരെ ‘അധികപ്രസംഗ’വുമായി ട്രംപിന്റെ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: റഷ്യ -യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തെ മോദിയുടെ യുദ്ധം എന്നാണ് നവാരോ വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ എണ്ണ വ്യാപാരമാണ് സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ കാരണമെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് കുറ്റപ്പെടുത്തി.

റഷ്യയെ ഒറ്റപ്പെടുത്താനുള്ള ആഗോള ശ്രമങ്ങളെ ഇന്ത്യ അട്ടിമറിക്കുകയാണെന്നും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ആരോപിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരുന്നത്, യുക്രൈനിന്റെ പ്രതിരോധത്തിന് ധനസഹായം നല്‍കാന്‍ പരോക്ഷമായി യുഎസിനെയും യൂറോപ്പിനെയും നിര്‍ബന്ധിതരാക്കുന്നുവെന്ന് നവാരോ പറഞ്ഞു.

Signature-ad

യുക്രൈന്‍ അമേരിക്കയോടും യൂറോപ്പിനോടും സാമ്പത്തിക സഹായം തേടുകയാണ്. ഇന്ത്യയുടെ പ്രവൃത്തി മൂലം അമേരിക്കക്കാര്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന താരിഫ് കാരണം ഉപഭോക്താക്കള്‍ക്കും, ബിസിനസുകാര്‍ക്കും, തൊഴിലാളികള്‍ക്കുമെല്ലാം നഷ്ടമാണുണ്ടാകുന്നത്. നികുതിദായകര്‍ മോദിയുദ്ധത്തിന് ഫണ്ട് നല്‍കേണ്ട അവസ്ഥയിലാണ്. നവാരോ പറഞ്ഞു.

ഊര്‍ജ്ജ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാടിനെ അഹങ്കാരമെന്നാണ് നവാരോ അഭിപ്രായപ്പെട്ടത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. റഷ്യയും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും നവാരോ വിമര്‍ശിച്ചു. ചൈനയും റഷ്യയും സ്വേച്ഛാധിപതികള്‍ ആണെന്നായിരുന്നു യു എസ് ഉപദേഷ്ടാവ് വിശേഷിപ്പിച്ചത്.

റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഉയര്‍ന്ന തീരുവ ചുമത്തിയതിനും പിന്നാലെയാണ് നവാരോയുടെ പരാമര്‍ശങ്ങള്‍. അധിക തീരുവ ചുമത്തിയ യു എസ് നടപടിയെ, അങ്ങേയറ്റം നിര്‍ഭാഗ്യകരം എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നടപടി വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 1.4 ബില്യണ്‍ ജനങ്ങള്‍ക്ക് ഇന്ധനം ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 

Back to top button
error: