Breaking NewsCrimeLead NewsNEWS

അടുക്കള അലമാരയിലെ മസാലടിന്നില്‍ എംഡിഎംഎ; എത്തിച്ചത് ‘ഓണംവില്‍പന’യ്ക്ക്, വൈക്കത്ത് യുവാവ് പിടിയില്‍

കോട്ടയം: വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി വൈക്കത്ത് യുവാവ് പിടിയില്‍. വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാല്‍ (32)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും 32 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന് രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടെയാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്. വിഷ്ണുവിന്റെ വീടിന്റെ അടുക്കളയിലെ അലമാരയില്‍ മസാലകള്‍ സൂക്ഷിക്കുന്ന ടിന്നില്‍ ഒളിപ്പിച്ചുവെച്ചനിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

Signature-ad

ഓണത്തിന് വില്‍പ്പനയ്ക്കായാണ് ബെംഗളൂരുവില്‍നിന്ന് ലഹരിവസ്തു കൊണ്ടുവന്നത് എന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് വിഷ്ണു ബെംഗളൂരുവില്‍നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരി തൂക്കിവില്‍ക്കുന്ന ഡിജിറ്റല്‍ ത്രാസ്, ലഹരി വിറ്റുകിട്ടിയ പണം, കഞ്ചാവ് ചുരുട്ടിവലിക്കുന്നതിനുള്ള പായ്ക്കുചെയ്ത കടലാസ് എന്നിവയും കണ്ടെത്തി. ഐടി മേഖലയുമായി ബന്ധപ്പെട്ട ജോലിക്കായി ആണ് വിഷ്ണു ബെംഗളൂരു യാത്ര നടത്തിയിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് വിഷ്ണുവും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. 2023-ല്‍ അര ലിറ്റര്‍ ഹാഷിഷ് ഓയിലുമായി ബെംഗളൂരു സോള്‍ദേവനഹള്ളിയില്‍നിന്ന് ഇയാളെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തിരുന്നു.

2024-ല്‍ രാസലഹരിയുമായി വൈക്കം എക്‌സൈസും ഇയാളെ അറസ്റ്റുചെയ്തിരുന്നു. വിഷ്ണുവിന്റെ കൂട്ടാളികളെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി: പി.ബി. വിജയന്‍, എസ്എച്ച്ഒ: എസ്. സുകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: