രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവന്തപുരം: ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്കി. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും ചേര്‍ന്ന് വ്യാജ ഐഡി കാര്‍ഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. സി.ആര് കാര്‍ഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്നായിരുന്നു
മ്യൂസിയം പൊലീസെടുത്ത കേസ്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിരുന്നു. രാഹുലിന്റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാന് ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്തിരുന്നു. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.






