Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വി.ഡി. സതീശന്റെ ബോംബ് പൊട്ടുമോ? വെയ്റ്റ് ആന്‍ഡ് സീ എന്ന് കോണ്‍ഗ്രസ്; കോര്‍ കമ്മിറ്റി അംഗത്തിന്റെ പ്രശ്‌നം കുടുംബകാര്യമെന്ന് ബിജെപി; രാഹുലിന്റെ രാജി ആവശ്യപ്പെടാതെ പാലക്കാട്ടെ ജനങ്ങളെ കോണ്‍ഗ്രസ് വഞ്ചിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍; രാഹുല്‍ വിഷയത്തില്‍ പരസ്യ പ്രതികരണമില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സിപിഎമ്മിലെയും – ബിജെപിയിലെയും ഉന്നതരായ ചിലര്‍ക്കെതിരെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. വിഡിയുടെ മനസില്‍ ആരാണ് എന്ന് അറിയാന്‍ ശ്രമിക്കുന്ന നേതാക്കളോട് വെയ്റ്റ് ആന്‍ഡ് സീ സമീപനമാണ് സതീശന്‍ സ്വീകരിച്ചിട്ടുള്ളത്.

ബിജെപി ഉന്നത നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന സതീശന്‍ രാഷ്ട്രീയ എതിരാളികളുടെ തുടര്‍ പ്രതികരണം അനുസരിച്ച് വെളിപ്പെടുത്തുമെന്ന നിലപാടിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇനി പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Signature-ad

പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയര്‍ ‘കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ബിജെപിയിലായിരിക്കെ സന്ദീപിന്റെ കടുത്ത എതിരാളിയായിരുന്ന നേതാവിനെ തന്നെയാണ് അദ്ദേഹം ഉന്നമിട്ടതെന്നു സൂചനകളുണ്ട്. ഇവര്‍ക്കിടയിലെ പോര് അന്ന് ബിജെപിക്കു പുറത്തേക്കും വ്യാപിച്ചിരുന്നു. പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം.

‘സിപിഎമ്മുകാര്‍ അധികം കളിക്കരുത്. ഞെട്ടിപ്പോകും’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. ഒരു വനിതാനേതാവ് പാര്‍ട്ടിക്കു നല്‍കിയ പരാതിയെക്കുറിച്ച് രഹസ്യമായി ലഭിച്ച വിവരം പങ്കുവയ്ക്കുകയാണ് സതീശന്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. പാര്‍ട്ടിനേതാവിനെതിരെയുള്ള ഈ പരാതി നേതൃത്വം അവഗണിച്ചെന്ന വിവരമാണു ലഭിച്ചതെന്നും പറയപ്പെടുന്നു. ഒരുപേടിയുമില്ലെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയത്.

പ്രതിപക്ഷ നേതാവിന്റേത് വീരവാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാര്‍ത്ത വരുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. ഇന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് തന്നെ തെളിവു സഹിതം പുറത്തുവിടും എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. കോര്‍ കമ്മിറ്റി അംഗത്തിനെതിരായ വാര്‍ത്ത എങ്കില്‍ വെറും കുടുംബ കാര്യമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതിരോധം. ആര്‍ക്കെതിരെ എന്ന് വ്യക്തമാക്കാതെയാണ് ബിജെപിയുടെ പ്രതികരണം.

അതേസമയം ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വസതിയില്‍ തുടരുകയാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ, മണ്ഡലത്തില്‍ എത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബിജെപിയും സിപിഎമ്മും എംഎല്‍എയെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കെപിസിസി തീരുമാനിക്കുമെന്നും നിലവില്‍ രാഹുല്‍ കോണ്‍ഗ്രസുകാരന്‍ അല്ലല്ലോ എന്നുമായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്റ്് എ തങ്കപ്പന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ് നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ‘നിങ്ങളുടെ എം എല്‍ എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങള്‍ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ വേട്ടക്കാരനായ ഈ എംഎല്‍എ, നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അതിനാണ് സതീശന്‍ മറുപടി പറയേണ്ടത്’ – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Back to top button
error: