നോയിഡ സ്ത്രീധനക്കൊലപാതകം: പ്രതിക്ക് മറ്റൊരു യുവതിയുമായി അവിഹിതം, വിവാഹം കഴിഞ്ഞിട്ടും ബന്ധം തുടര്‍ന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി വിപിന്‍ ഭാട്ടിക്കെതിരെ മുമ്പ് മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ്. യുവതിയെ വിപിന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
2024 ഒക്ടോബറില്‍ ഗ്രേറ്റര്‍ നോയിഡയിലുള്ള ജാര്‍ച്ച പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരുന്നത്. നിക്കിയെ വിവാഹം കഴിച്ചിട്ടും വിപിന്‍ പരാതിക്കാരിയുമായി ബന്ധത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിക്കിയും സഹോദരിയും വിപിന്റെ അവിഹിത ബന്ധം കൈയോടെ പിടികൂടിയതോടെ വിഷയം വഷളായി. എന്നാല്‍, തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ വിപിന്‍ യുവതിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ആഗസ്റ്റ് 21 നാണ് നിക്കിയെ (28) മകന്റെ മുന്നിലിട്ട് വിപിന്‍ തീകൊളുത്തിയത്. തുടര്‍ന്ന് നിക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിപിനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് നിക്കിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, സംഭവത്തില്‍ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയില്‍ വച്ച് വിപിന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്. തുടര്‍ന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്.
വിപിനും അമ്മ ദയയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിക്കിയെ തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിപിന്‍ ഭാട്ടിയയ്ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു . കാലിന് വെടിയേറ്റ വിപിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ വിപിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, വിപിന്റെ അച്ഛന്‍ സത്യവീര്‍, സഹോദരന്‍ രോഹിത് എന്നിവര്‍ നിലവില്‍ ഒളിവിലാണ്.






