Breaking NewsLead NewsMovieNEWS

ടോക്‌സിക്കിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്ന് റെഡിറ്റ്; ഗീതുവിന്റെ ചിത്രത്തിന് എന്ത് സംഭവിച്ചു?

ന്ത്യന്‍ സിനിമയില്‍ ഇന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജെക്ടുകളില്‍ ഒന്നാണ്, കന്നഡ സൂപ്പര്‍താരം യഷ് നായകനാവുന്ന ടോക്‌സിക്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, ഏറെ പ്രശംസ നേടിയ മൂത്തൊന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ടോക്‌സിക്കിന് ഉണ്ട്. നയന്‍താരയും, ബോളിവുഡ് താരം കിയാര അദ്വാനിയും അടക്കം ഒന്നില്‍ കൂടുതല്‍ നായികമാരുണ്ട്, യഷ് സഹ രചയിതാവ് കൂടിയായ ബിഗ് ബജറ്റ് ചിത്രത്തില്‍.

എന്നാല്‍, ടോക്‌സിക് എന്ന ചിത്രം ഇപ്പോള്‍ റെഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടുന്നത്, അതിന്റെ സംവിധാനത്തെ കുറിച്ചുള്ള ചില ഗോസിപ്പുകള്‍ കാരണമാണ്. റെഡിറ്റില്‍ അടുത്തിടെ വന്ന ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്തിടെ മുംബൈയില്‍ തുടങ്ങിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള പുതിയ ഷെഡ്യൂളില്‍, ഒട്ടു മിക്ക ഭാഗങ്ങളും സംവിധാനം ചെയ്യുന്നത് നായകന്‍ യഷ് തന്നെയാണ്. സംവിധായികയായ ഗീതു മോഹന്‍ദാസിന്റെ ജോലി നായകന്‍ ഏറ്റെടുത്തത് റെഡിറ്റ് പ്രേക്ഷകരെ അത്ഭുതപെടുത്തിയിരിക്കുകയാണ്.

Signature-ad

നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന, സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന മുംബൈ ഷെഡ്യൂളില്‍, ഇത് വരെയുള്ള രംഗങ്ങളെല്ലാം സംവിധാനം ചെയ്തത് നായകന്‍ യഷ് തന്നെയാണെന്ന് ആകാശ് വാണി എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഇതാണ് റെഡിറ്റില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫറായ ജെ. ജെ. പെറിയാണ് ടോക്‌സിക്കിന്റെ ആക്ഷന്‍ സീനുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സീനുകളും, അവയില്‍ സംഭാഷണങ്ങളും വരെ യഷ് തന്നെയാണ് എഴുതിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, റെഡിറ്റ് ഇത് ചര്‍ച്ചയാക്കിയതോടെ, ചില മലയാള സിനിമ പ്രേക്ഷകരും, ഗീതു മോഹന്‍ദാസിന്റെ ആരാധകരും, പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് ചില വിശദീകരണങ്ങളുമായി എത്തിയിട്ടുണ്ട്. ടോക്‌സിക്കിനെ കുറിച്ചുള്ള ആദ്യത്തെ പോസ്റ്റില്‍ തന്നെ, ഈ പ്രൊജക്റ്റ് യഷുമായി ചേര്‍ന്ന് താന്‍ ഒരുക്കുന്ന പ്രൊജക്റ്റ് ആണെന്ന് സംവിധായിക സൂചിപ്പിച്ചിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. നായകനായി മാത്രമല്ല, മറിച്ച് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായും, ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്ന സഹ-രചയിതാവായിട്ടും കൂടി പ്രശസ്ത കന്നഡ സൂപ്പര്‍താരം ടോക്‌സിക്കിന്റെ ഭാഗമാവുന്നുണ്ട്.

മുന്‍പൊരിക്കല്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ടോക്‌സിക് എന്ന ചിത്രം രണ്ടു വ്യത്യസ്ത ലോകങ്ങളുടെ സംഗമം ആയിരിക്കുമെന്നാണ് യഷ് പറഞ്ഞത്. ഗീതു മോഹന്‍ദാസ് ഒരുക്കുന്ന, ശക്തമായ കഥയുടെ അടിത്തറയില്‍ ഒരുങ്ങുന്ന ഡ്രാമയും, അതില്‍ യഷിന്റെ സ്വന്തം ശൈലിയില്‍ ഉള്ള മാസ്സ് ഘടകങ്ങളുമായി എത്തുന്ന ചിത്രമാണ് ടോക്‌സിക് എന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ടീസര്‍, പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഗീതുവിന്റെ ആശയങ്ങളില്‍ നിന്ന് വിപരീതമായി, വള്‍ഗറായ, സ്ത്രീ വിരുദ്ധത നിറഞ്ഞൊരു ടീസറാണ് അന്ന് പുറത്തിറങ്ങിയത്.

Back to top button
error: