Breaking NewsLead NewsNEWSpoliticsWorld

ഇസ്രയേൽ വ്യോമാക്രമണം: അലി ലാരിജാനിയും മകനും സഹായിയും നിരവധി അം​ഗരക്ഷകരും ബാസിജ് ഫോഴ്‌സ് കമാൻഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്തും കൊല്ലപ്പെട്ടു. നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ലാരിജാനിയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ലാരിജാനിയെ കൂടാതെ, ഇറാനിലെ ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡാണ് മരണം സ്ഥിരീകരിച്ചത്.

Signature-ad

ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയേയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ ഇസ്രയേൽ വകവരുത്തിയതെന്നാണ് വിവരം.

അതിനിടെ ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ആളപായമോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: