Breaking NewsCrimeLead NewsNEWS

ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം, ക്രൂരമര്‍ദനം; ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിടുന്നതിലും തര്‍ക്കം; നോയിഡ സ്ത്രീധനക്കൊലയില്‍ പ്രതികളെല്ലാം പിടിയില്‍

ന്യൂഡല്‍ഹി: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. നിക്കിയുടെ ഭര്‍തൃസഹോദരന്‍ രോഹിത്, ഭര്‍തൃപിതാവ് സത്യവീര്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നിക്കിയുടെ ഭര്‍ത്താവ് വിപിന്‍, വിപിന്റെ അമ്മ ദയ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 21നാണ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെ വിപിനും കുടുംബവും നിക്കിയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് തീവച്ച് കൊല്ലുകയും ചെയ്തത്.

36 ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടൊപ്പം നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് വിപിന്റെ കുടുംബവുമായി തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വിപിനും കുടുംബവും നിക്കിയെ മര്‍ദിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ നിക്കിയെ ജീവനോടെ തീകൊളുത്തി.

Signature-ad

വിപിന്റെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമായ കാഞ്ചന്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാഞ്ചനും നിക്കിയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നു. ‘മേയ്ക്ക് ഓവര്‍ ബൈ കാഞ്ചന്‍’ എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് നടത്തിയിരുന്ന യൂട്യൂബ് ചാനലിനും അരലക്ഷത്തിലേറെ ഫോളോവര്‍മാരുണ്ട്.

വിപിനും രോഹിത്തിനും പറയത്തക്ക ജോലിയില്ലാത്തതിനാല്‍ ഒന്നരവര്‍ഷം മുന്‍പ് എട്ടുലക്ഷത്തോളം രൂപ ചെലവിട്ടാണ് പാര്‍ലര്‍ തുടങ്ങിയതെന്ന് നിക്കിയുടെയും കാഞ്ചന്റെയും സഹോദരന്‍ രോഹിത് ഗുര്‍ജാര്‍ പറഞ്ഞു. ചെറിയ കടയില്‍നിന്നുള്ള വരുമാനം മാത്രമായിരുന്നു ഇവരുടെ കുടുംബത്തിനുണ്ടായിരുന്നത്. എന്നാല്‍ പാര്‍ലര്‍ തുടങ്ങിയതില്‍ എതിര്‍പ്പുണ്ടായിരുന്ന വിപിന്റെ കുടുംബം ഫെബ്രുവരിയില്‍ പാര്‍ലര്‍ നശിപ്പിച്ചു എന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

നിക്കിയെ കൊലപ്പെടുത്തിയതിനുശേഷം ഉടന്‍ തന്നെ വിപിന്‍ വീടുവിട്ടുപോകുകയും ബന്ധുവീട്ടില്‍ ഒളിക്കുകയും ചെയ്തു. ഭാര്യയെ കൊന്നതില്‍ ഇയാള്‍ കുറ്റബോധമില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയില്‍നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെടാന്‍ ശ്രമിച്ച വിപിനെ പൊലീസ് കാലിനു വെടിവച്ചു വീഴ്ത്തിയാണ് പിടികൂടിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: