നിമിഷപ്രിയയുടെ കുടുംബവും തള്ളിപ്പറഞ്ഞു; ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചന

കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടര്‍നടപടികള്‍ തീരുമാനിക്കും. കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്നതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ആലോചനകള്‍ തുടരുകയാണെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തില്‍ കെ എ പോള്‍ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരുന്നു.
ഈ ഘട്ടത്തിലും നിമിഷപ്രിയയുടെ കുടുംബം കെ എ പോളിനൊപ്പം നില്‍ക്കുന്നതിലും ആക്ഷന്‍ കൗണ്‍സിലിന് അതൃപ്തി ഉണ്ട്. ഇത്തരം നടപടികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വിശ്വാസ്യതയും പ്രസക്തിയെയും ബാധിക്കും എന്നാണ് വിലയിരുത്തല്‍. ആക്ഷന്‍ കൗണ്‍സിലിനും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനും എതിരെ കെ എ പോള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്. നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. കൗണ്‍സിലിന്റെ തീരുമാനം.






