
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ എറണാകുളം ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തൃശ്ശൂര്‍ ചേലക്കര മുകാരിക്കുന്നുകരയില്‍ ഷിറാസ് നിവാസിലെ ഷിറാസ് ബഷീര്‍ (38) എന്ന ജയില്‍ ഓഫീസറുടെ പേരിലാണ് എറണാകുളം വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കടവന്ത്രയിലാണ് ഷിറാസ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലും കടവന്ത്രയിലും ശനിയാഴ്ച വിജിലന്‍സ് റെയ്ഡുകള്‍ നടന്നു.
എറണാകുളം ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുത്തെന്നും ലഹരിമാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമുള്ള പരാതിയില്‍ ഷിറാസ് ബഷീര്‍ സസ്പെന്‍ഷനിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഷിറാസിനെതിരേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയത്. ജയില്‍ വകുപ്പില്‍ ജോലിചെയ്തുവരുന്ന കാലയളവില്‍ 1.93 കോടി രൂപയുടെ വിവിധ വസ്തുവകകള്‍ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ 76.09 ലക്ഷം രൂപയുടേത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് വ്യക്തമായി. തുടര്‍ന്നാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട് പി.എന്‍. രമേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതേ തുടര്‍ന്ന് ഷിറാസ് ബഷീറിന്റെ തൃശ്ശൂരുള്ള വീട്ടില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എച്ച്.എല്‍. ഹണിയുടെയും കടവന്ത്രയിലെ വസതിയില്‍ ഇന്‍സ്പെക്ടര്‍ എ.ജി. ബിബിന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച റെയ്ഡ് നടത്തി. രണ്ടുവീടുകളില്‍നിന്നും നിരവധി രേഖകളും വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.






