Breaking NewsLead NewsMovieNEWS

‘മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി വന്നതാണ്, അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?’ അമ്മയിലെ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു’

കൊച്ചി: മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിക്കാനെത്തിയ തന്നോട് ‘അമ്മ’ സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. താനൊരു കലാകാരിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്നും ആ അവസ്ഥയിലാണ് താന്‍ നില്‍ക്കുന്നതെന്നും റിമ പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് റിമ പ്രതികരിച്ചു.

എന്നാല്‍, സംഘടനയില്‍ നിന്ന് പുറത്തുപോയവരെ തിരികെ കൊണ്ടുവരുമെന്ന പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും താരം പ്രതികരിച്ചു. ‘ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്. എനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നൊരു പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്,’ റിമ പറഞ്ഞു. സംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

അടുത്തിടെയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയുമായി ‘അമ്മ’യുടെ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഇതിന് പിന്നാലെ ചേര്‍ന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ശ്വേത അറിയിച്ചത്. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ഉപസമിതികള്‍ രൂപീകരിക്കുമെന്നും പുതിയ നേതൃത്വം വ്യക്തമാക്കിയിരുന്നു.

സംഘടനയിലെ വനിതാ അംഗങ്ങള്‍ നടത്തിയ ‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച മെമ്മറി കാര്‍ഡ് അന്നത്തെ ഭാരവാഹിയായിരുന്ന കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് തിരികെ നല്‍കണമെന്നുമാണ് നടി ഉഷ ഹസീന ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: