100% വ്യാജവാര്‍ത്ത; 100 റിയാലിന്റെ നോട്ട് ഇറക്കിയിട്ടില്ല, തട്ടിപ്പില്‍ വീഴരുതെന്ന് ഒമാന്‍

മസ്കത്ത്: രാജ്യത്ത് 100 റിയാലിന്റെ നോട്ട് പുറത്തിറക്കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു ഒമാന്‍ അധികൃതര്‍. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത് എന്നും അത്തരത്തിലുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി ബി ഒ) വ്യക്തമാക്കി. രാജ്യത്ത് 100 ബൈസ, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, 10 റിയാല്‍, 20 റിയാല്‍, 50 റിയാല്‍ എന്നിവയാണ് പ്രചാരത്തിലുള്ള നോട്ടുകള്‍ എന്നും അധികൃതര്‍ അറിയിച്ചു.
ബാങ്ക് നോട്ടുകള്‍ പുറത്തിറക്കുന്നതോ പിന്‍വലിക്കുന്നതോ ആയി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കും. അല്ലാതെയുള്ള പ്രചാരണങ്ങളില്‍ ആളുകള്‍ വിശ്വസിക്കരുത്. വിവരണങ്ങള്‍ കൃത്യമായി ലഭിക്കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സമൂഹ ആക്കൗണ്ടുകള്‍ പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
2020ന് മുന്‍പ് സി ബി ഒ പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗം കഴിഞ്ഞ വര്‍ഷം ഒമാന്‍ നിരോധിച്ചിരുന്നു. ഈ നോട്ടുകള്‍ മാറിയെടുക്കാന്‍ 2024 ഡിസംബര്‍ 31 വരെ അവസരവും നല്‍കിയിരുന്നു. സമാനമായി രീതിയില്‍ നോട്ട് നിരോധിക്കുമെന്നും പകരം 100 ഒമാന്‍ റിയാലിന്റെ നോട്ട് ഇറക്കുമെന്നായിരുന്നു പ്രചാരണം.






