ഉറക്കം ശരിയല്ലേ? വിരി ശരിയല്ലായിരിക്കും! ബെഡ് ഷീറ്റും തലയിണയുറയും അലക്കിയിട്ട് എത്രനാളായി?

ഒരു ദിവസം എത്ര തിരക്കേറിയതാണെങ്കിലും ഒന്നുവന്ന് വിശ്രമിക്കാനുള്ള ഇടമാണ് കിടപ്പുമുറി. ഉറങ്ങാന്‍ മാത്രമല്ല ഇടയ്ക്കെങ്കിലും വെറുതേ വന്നു ബെഡ്ഡില്‍ കിടക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാനമാണ് കിടക്കയുടെ വൃത്തി. ശരിയായി ശുചിത്വം പാലിച്ചാല്‍ കിടപ്പുമുറിയില്‍നിന്നും പിടിപെടുന്ന രോഗങ്ങളില്‍നിന്ന് നമുക്ക് രക്ഷപ്പെടാം.
വൃത്തിയില്ലാത്തതോ ശരിയല്ലാത്തതോ ആയ ബെഡ്ഡ്, പൊടി, ബാക്ടീരിയ തുടങ്ങിയവ ഉണ്ടാകുന്നതിനും ഉറക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു.
വൃത്തിയുള്ള ബെഡ് ഷീറ്റ്
ആഴ്ചതോറും ബെഡ് ഷീറ്റ് വൃത്തിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ബെഡ് ഷീറ്റിലെ പൊടി, ചര്‍മകോശങ്ങളുടെ അംശം, ബാക്ടീരിയ, എണ്ണമയം എന്നിവയെല്ലാം പോകാന്‍ ഇതു സഹായിക്കുന്നു.
തലയിണയുറ കഴുകി വൃത്തിയാക്കുക
തലയിണയുടെ കവറില്‍ പറ്റിയ എണ്ണ, വിയര്‍പ്പ്, സ്കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ അംശങ്ങള്‍ എന്നിവയെല്ലാം ബാക്ടീരിയയെ ഉണ്ടാക്കും. 3-4 ദിവസം കൂടുമ്പോള്‍ തലയിണയുറ അലക്കുന്നത് അവയെ നശിപ്പിക്കും. പുതപ്പുകള്‍, മാട്രസ് പ്രൊട്ടക്റ്റേഴ്സ് എന്നിവയും അലക്കി വൃത്തിയാക്കാന്‍ മറക്കരുത്.
കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക
കിടക്കയിലേക്ക് ഭക്ഷണം കൊണ്ടുപോയി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങളോ ഉമിനീരോ കിടക്കയില്‍ വീണാല്‍ അതുവഴി ബാക്ടീരിയ വളര്‍ന്നേക്കാം.






