Breaking NewsKeralaLead NewsNEWS
പൊന്നും പണവും നമുക്കെന്തിനാ? പൂട്ടുതല്ലിപ്പൊളിച്ച് കയറി, കള്ളന്‍ കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ!

എറണാകുളം: കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ടത് വെളിച്ചെണ്ണ. കയ്യില്‍കിട്ടിയ 30 കുപ്പി ചാക്കിലാക്കി കള്ളന്‍ സ്ഥലംവിട്ടു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ്’ കടയിലാണിത്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ.
ഫ്രിജില്‍ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളന്‍ കടയില്‍ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. വെളിച്ചെണ്ണയ്‌ക്കൊപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.






