Breaking NewsCrimeLead NewsNEWS

ഞെട്ടാതെ കേരളം!!! കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരിയും സുലഭം, മൊബൈലും ഉപയോഗിക്കാം; വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവു പുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നല്‍കുന്നതിന് ആളുകളുണ്ട്. മൊബൈല്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. കണ്ണൂരില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി.

എല്ലാത്തിനും പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും നല്‍കിയ മൊഴിയും.

Signature-ad

ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതുവരെ പുറത്തു വന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്‍ണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.

നല്ല ഭക്ഷണവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ചില തടവുകാര്‍ക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നത്. ഒടുവില്‍ നിഷ്പ്രയാസം ഗോവിന്ദച്ചാമി ജയലിനു പുറത്തുചാടി. ജയിലിലെ അരാജകത്വത്തിന്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും തുടര്‍ന്ന് പൊലീസിന് നല്‍കിയ മൊഴിയും.

 

Back to top button
error: