സിഐടിയുമായി തര്‍ക്കം; ടഫന്‍ഡ് ഗ്ലാസ് ലോറിയില്‍ കിടന്നത് ഒരാഴ്ച, ഒടുവില്‍…

കൊച്ചി: നിര്‍മാണ സ്ഥലത്ത് ടഫന്‍ഡ് ഗ്ലാസ് പാനലുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപന ഉടമകളും സിഐടിയു ചുമട്ടു തൊഴിലാളികളും തമ്മില്‍ തര്‍ക്കം. മരടിലാണ് സംഭവം. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്.
ലോറിയില്‍ കൊണ്ടു വന്ന ഗ്ലാസുകള്‍ തങ്ങള്‍ തന്നെ ഇറക്കുമെന്നായിരുന്നു സിഐടിയു നിലപാട്. എന്നാല്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കൊണ്ട് ഗ്ലാസ് ഇറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥാപന ഉടമകള്‍. ഗ്ലാസുകള്‍ ഇറക്കുന്നതിനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് തൊഴിലാളികള്‍ വന്നതെന്നും ഇറക്കിയാല്‍ തന്നെ പത്ത് മീറ്ററിനപ്പുറത്തേക്ക് ഗ്ലാസ് കൊണ്ടു പോകില്ലെന്നു പറഞ്ഞതായും ഉടമകള്‍ ആരോപിക്കുന്നു. ചില സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള തൊഴിലാളികള്‍ വന്ന് അശ്രദ്ധമായി ഗ്ലാസുകള്‍ ഇറക്കിയത് തങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തി വച്ചതായും ഉടമകള്‍ ആരോപിച്ചു.
എന്നാല്‍, ഇത് തങ്ങളുടെ പണിയാണെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്നും സിഐടിയു വ്യക്തമാക്കിയതോടെ ഗ്ലാസ് ലോറിയില്‍ തന്നെ കിടന്നു. തര്‍ക്കത്തെ തുടര്‍ന്നു ഗ്ലാസ് ലോറിയില്‍ തന്നെ ഒരാഴ്ചയോളമാണ് ഇങ്ങനെ കിടന്നത്. ഒടുവില്‍ പൊലീസെത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി മറ്റൊരു സ്ഥലത്തു നിന്നു വൈദഗ്ധ്യമുള്ള തോഴിലാളികളെ സിഐടിയു തന്നെ കൊണ്ടു വന്നാണ് ഗ്ലാസ് ഇറക്കിയത്.






