KeralaNEWS

ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം തുടങ്ങി; അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്കും

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാര്‍ വലഞ്ഞു. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും.

കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധവും ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ ഉയര്‍ത്തും. കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Signature-ad

ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീര്‍ഘദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ- ചെല്ലാന്‍ വഴിയുള്ള അന്യായമായ പിഴ ചുമത്തല്‍ അവസാനിപ്പിക്കുക, ബസുകളില്‍ മാത്രം ജിപിഎസ് സ്പീഡ് ഗവര്‍ണര്‍ ക്യാമറകള്‍ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Back to top button
error: