നവകേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണി ചേരേണ്ടത് അനിവാര്യം: വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ കേരളത്തെ മാറ്റി മറിക്കുന്നതിന്റെ തുടക്കമെന്നു മന്ത്രി കെ. രാജന്‍; അക്കാദമികളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഏകോപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; നിറഞ്ഞ സദസില്‍ ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച
സകല കലകളുടെയും സര്‍വകലാശാലയായി കേരള കലാമണ്ഡലത്തെ മാറ്റുക, 'മതം -മൈത്രി-മാനവികത' എന്ന ആശയം ഓരോ വീട്ടിലും എത്തിക്കുക, വജ്ര ജൂബിലി ഫെലോഷിപ്പുകാരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും ആശയവിനിമയത്തിന് വേദിയൊരുക്കുക, ജി.സി.സി. രാജ്യങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തുന്നതോടൊപ്പം അവിടെയുള്ള കലാരൂപങ്ങളുടെ അവതരണം കേരളത്തില്‍ സാധ്യമാക്കുക, മലയാളം മിഷന്റെ പ്രവര്‍ത്തനം മലയാളികളുള്ളിടത്തേക്കെല്ലാം വ്യാപിപ്പിക്കുക, ശാസ്ത്ര ബോധവല്‍കരണ സ്ഥാപനങ്ങള്‍ വ്യാപകമാക്കുക തുടങ്ങിയ ആശയങ്ങള്‍ മന്ത്രിയുടെ നയപ്രഖ്യാപനത്തിലുള്‍പ്പെടുന്നു

തൃശൂര്‍: നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതില്‍ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി, സാമൂഹികനീതിയില്‍ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാല്‍വയ്പ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്.
ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തുകളും വായനകളും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മലയാളിയുടെ നവോത്ഥാനത്തെ കൂടുതല്‍ ശക്തമാക്കി.

എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങള്‍പോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികള്‍ നമ്മെ പിടിച്ചു കുലുക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്ഭദ്രതയോടെയും ആശയദൃഢതയോടെയും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മാത്രമേ വരാനിരിക്കുന്ന തലമുറകള്‍ക്ക് ദൈവത്തിന്റെ സ്വന്തം നാട് ആ രീതിയില്‍ അനുഭവിക്കാന്‍ കഴിയൂ.
നമ്മുടെ മതേതരത്വബോധത്തിലും സാംസ്‌കാരിക അവബോധത്തിലും ജനാധിപത്യബോധത്തിലും ഭരണഘടനയോടുള്ള കാഴ്ചപ്പാടിലും അടിയുറച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു ഭൂമിക രൂപീകരിക്കാന്‍ ഇത്തരം ചര്‍ച്ചകളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രമെന്നത് പകര്‍ത്തപ്പെടേണ്ട ചരിത്ര പുസ്തകമല്ല, തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറേണ്ട അഗ്‌നിയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സൗഹൃദ അന്തരീക്ഷത്തെ മലീമസമാക്കുന്ന രീതിയില്‍ വൈരാഗ്യത്തിന്റെയും വിഭാഗീയതയുടെയും വിത്തുകള്‍ വിതച്ചുകൊണ്ടുള്ള ശക്തികള്‍ കടന്നുവരുമ്പോള്‍ അതിനെതിരെ ഐക്യത്തിന്റെയും മൈത്രിയുടെയും സാഹോദര്യത്തിന്റെയുമൊക്കെ മഹാപരിചകള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ദൗത്യമാണ് കാലം നമ്മില്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
അതിനു മുന്നില്‍നിന്നു പോരാടേണ്ടവരാണ് കലാകാരരുംസാഹിത്യകാരരും. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലേക്ക് കലയും സാഹിത്യവും ‘സ്‌കില്‍ പോളിസി’ കളായി ഉള്‍പ്പെടുത്തി കലാകാരരെയും സാഹിത്യകാരരെയും എം. പാനല്‍ ചെയ്ത് അവര്‍ക്ക് കലാലയങ്ങളില്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സാസ്‌കാരിക മന്ത്രാലയത്തിന്റെ ഭരണ സംവിധാനത്തെ ആധുനിക കാലത്തിനനുസൃതമായി അടിമുടി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് നയരേഖ പ്രഖ്യാപനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. വകുപ്പിന് കീഴിലെ അക്കാദമികളുടെ സ്വതന്ത്രമായ അധികാരാവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിന് ഇവയെ ഏകോപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഗ്ലോബല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്’ എന്ന നിലയില്‍ നയം രൂപീകരിക്കുകയാണ് ലക്ഷ്യം.
സകല കലകളുടെയും സര്‍വകലാശാലയായി കേരള കലാമണ്ഡലത്തെ മാറ്റുക, ‘മതം -മൈത്രി-മാനവികത’ എന്ന ആശയം ഓരോ വീട്ടിലും എത്തിക്കുക, വജ്ര ജൂബിലി ഫെലോഷിപ്പുകാരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും ആശയവിനിമയത്തിന് വേദിയൊരുക്കുക, ജി.സി.സി. രാജ്യങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തുന്നതോടൊപ്പം അവിടെയുള്ള കലാരൂപങ്ങളുടെ അവതരണം കേരളത്തില്‍ സാധ്യമാക്കുക, മലയാളം മിഷന്റെ പ്രവര്‍ത്തനം മലയാളികളുള്ളിടത്തേക്കെല്ലാം വ്യാപിപ്പിക്കുക, ശാസ്ത്ര ബോധവല്‍കരണ സ്ഥാപനങ്ങള്‍ വ്യാപകമാക്കുക തുടങ്ങിയ ആശയങ്ങള്‍ മന്ത്രിയുടെ നയപ്രഖ്യാപനത്തിലുള്‍പ്പെടുന്നു.
കേരളത്തെ രണ്ടോ മൂന്നോ മേഖലകളായി തിരിച്ച് സ്ഥിരം നാടകവേദികള്‍ രൂപീകരിക്കുക, സിനിമാ-സീരിയല്‍ നയം നടപ്പാക്കുക, യുവജനങ്ങള്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്യുക, കലാകാരരെ സംരക്ഷിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുക, മുതിര്‍ന്ന പൗരരെ സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക ഉന്നമനം സാധ്യമാക്കുന്ന ‘ബാലകേരളം’ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആശയങ്ങളും മന്ത്രി പങ്കു വച്ചു.
കേരള സംസ്ഥാനം രൂപീകരിച്ച് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളം എങ്ങനെയായിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാടു മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സെമിനാറുകളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പു സംഘടിപ്പിച്ച സെമിനാറാണിത്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്വാഗതവും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നന്ദിയും പറഞ്ഞു.
‘മതേതരത്വം, മാനവികത, സാംസ്‌കാരിക വൈവിധ്യം’ എന്ന വിഷയത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സെമിനാര്‍ അവതരിപ്പിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ഡോ. അനില്‍ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. ‘കേരളം ഇന്നലെ ഇന്ന് നാളെ- നവോത്ഥാനത്തില്‍നിന്ന് നവകേരളത്തിലേക്ക്-ജനകീയ സര്‍ക്കാരുകളുടെ സംഭാവനകള്‍’ സെമിനാര്‍ മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവതരിപ്പിച്ചു.ടി.ഡി. രാമകൃഷ്ണന്‍, സി.എസ്. ചന്ദ്രിക, ഡോ. ജിജു പി. അലക്‌സ്, ഡോ. എം.എ. സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു. എ.വി. അജയകുമാര്‍ സെമിനാറുകളുടെ മോഡറേറ്റര്‍ ആയിരുന്നു. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ വിശിഷ്ടവ്യക്തികള്‍ സംബന്ധിച്ചു.കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ ‘എന്റെ കേരളം’ നൃത്തശില്പം അവതരിപ്പിച്ചു.





