‘സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ “യെസ് സർ/യെസ് മാം” എന്നതിനുപകരം “ജയ് ശ്രീറാം”എന്ന് മറുപടി നൽകണം!! ആളുകൾക്ക് കുങ്കുമനിറത്തിലുള്ള തലപ്പാവും ഷാളും ധരിക്കാം’- പുതിയ നിർദേശവുമായി ബിജെപി എംഎൽഎ, ‘വിദ്യാർത്ഥികൾ ധരിക്കണം, എന്ത് വിളിക്കണമെന്ന് നിർദ്ദേശിക്കാൻ ഇവർക്ക് എന്ത് അധികാരം? വിദ്യാലയം രാഷ്ട്രീയ- മതപരമായ ചടങ്ങുകൾക്കുള്ള വേദിയാക്കരുത്’- കോൺഗ്രസ്

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം വീണ്ടും ശക്തമാകുന്നതിനിടെ സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ “യെസ് സർ/യെസ് മാം” എന്നതിനുപകരം “ജയ് ശ്രീറാം” എന്ന് മറുപടി പറയണമെന്ന നിർദ്ദേശത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ജി. ജനാർദന റെഡ്ഡി. മുൻപ് മുൻ ബിജെപിയായ ബസനഗൗഡ പാട്ടീൽ യത്നാൽ മുന്നോട്ടുവച്ച ഈ നിർദേശത്തെ താൻ അനുകൂലിക്കുന്നതായും എംഎൽഎ പറഞ്ഞു.
ഹിജാബ് വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുമ്പോഴാണ് റെഡ്ഡി തൻ്റെ നിലപാട് വ്യക്തമാക്കിയത്. “യത്നാൽ വലിയ കാര്യം പറഞ്ഞിട്ടുണ്ട്. സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ ‘ജയ് ശ്രീറാം’ എന്ന് പറയണം. ഞാൻ അതിനെ 100 ശതമാനം പിന്തുണയ്ക്കുന്നു. ഇന്ന് ഞാൻ ഏതെങ്കിലും സ്കൂളിലേക്കോ, കോളേജിലേക്കോ പോയാലും ഇത് തുറന്നുപറയും. ആളുകൾക്ക് കുങ്കുമനിറത്തിലുള്ള തലപ്പാവും ഷാളും ധരിക്കാം. അത് നമ്മുടെ ധർമ്മമാണ്,” എന്നാണ് റെഡ്ഡിയുടെ പ്രതികരണം.
അതേസമയം ഈ പ്രസ്താവനകൾക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതപരവും രാഷ്ട്രീയവുമായ വേദികളാക്കാനുള്ള ശ്രമമാണിതെന്ന് വിമർശിച്ചു. “സ്കൂളുകൾ പഠനത്തിനുള്ള ഇടങ്ങളാണ്, മത-രാഷ്ട്രീയ പ്രദർശനങ്ങൾക്ക് വേണ്ടിയല്ല. വിദ്യാർത്ഥികൾക്ക് ‘ജയ് ശ്രീറാം’ വിളിക്കാൻ എവിടെയും സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാഷ്ട്രീയ നേതാക്കൾ സ്കൂളുകളെ ആശയപരമായ പോരാട്ടങ്ങളിലേക്ക് വലിച്ചിഴക്കരുത്, അവിടം പഠിക്കാൻ വേണ്ടിയുള്ളതാണ്, അല്ലാതെ രാഷ്ട്രീയം, മതപരമായ ചടങ്ങുകൾക്കുള്ള വേദിയാക്കരുത് ” കോൺഗ്രസ് നേതാവ് ലാവണ്യ ബാലാൽ പറഞ്ഞു.
യത്നാലിൻ്റെയും റെഡ്ഡിയുടെയും മുൻകാല വിവാദങ്ങളും അവർ ചൂണ്ടിക്കാട്ടി. “വിദ്യാർത്ഥികൾ ധരിക്കണം, എന്ത് വിളിക്കണം എന്ന് നിർദ്ദേശിക്കാൻ ഇവർക്ക് എന്ത് അധികാരം?” എന്നും അവർ ചോദിച്ചു. അതേസമയം ജൂണിൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ ഈ വിവാദം കൂടുതൽ ശക്തമാകാനാണ് സാധ്യത.
2022-ൽ ഉഡുപ്പിയിൽ മുസ്ലിം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെതിരെ നടത്തിയ പ്രതിഷേധങ്ങളോടെയാണ് ഈ വിഷയം ആരംഭിച്ചത്. തുടർന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങളും പ്രതി പ്രതിഷേധങ്ങളും അരങ്ങേറി. അന്നത്തെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി. പിന്നീട് കർണാടക ഹൈക്കോടതി ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം ശരിവെച്ചിരുന്നു.
അതേസമയം അധികാരത്തിലെത്തിയതിന് ശേഷം മുൻ നിലപാട് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കൾ ആവർത്തിച്ച് രംഗത്തെത്തുകയാണ്. പുതിയ വിവാദം വിദ്യാഭ്യാസ മേഖലയെ വീണ്ടും രാഷ്ട്രീയ-മത സംഘർഷങ്ങൾ കേന്ദ്രമാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.






