വധശിക്ഷ വിധിച്ചതിനെതിരെ ഷെയ്ഖ് ഹസീന; വിധി പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവും ; വിധി പുറപ്പെടുവിച്ചത് വ്യാജ ട്രൈബ്യൂണല്‍ ; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം ; നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറെന്നും ഹസീന

ന്യൂഡല്‍ഹി : തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു.
ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ പറഞ്ഞു.
യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു.
നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ഹസീന ആവര്‍ത്തിച്ചു. തെളിവുകള്‍ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലില്‍ ആരോപകരെ നേരിടാന്‍ തനിക്ക് ഭയമില്ലെന്ന് അവര്‍ വ്യക്തമാക്കി






