Breaking NewsIndiaLead NewsNEWSNewsthen SpecialWorld

വെടിനിര്‍ത്തലിനു പിന്നാലെ സ്വന്തം ജനതയ്‌ക്കെതിരേ അടിച്ചമര്‍ത്തല്‍ ആരംഭിച്ച് ഇറാന്‍; അഴിഞ്ഞാടി റവല്യൂഷനറി ഗാര്‍ഡുകള്‍; ചാരന്‍മാരെന്ന് സംശയിച്ച് നിരവധിപ്പേരെ തൂക്കിലേറ്റി; ആയിരക്കണക്കിനുപേര്‍ അറസ്റ്റില്‍; കുര്‍ദുകളും സുന്നികളും ഹിറ്റ്‌ലിസ്റ്റില്‍; പാക്, ഇറാഖ് അതിര്‍ത്തികളില്‍ വന്‍ സൈനിക വിന്യാസം

ഭരണകൂടം നിലവിലുള്ള സാഹചര്യത്തെ മറയായി ഉപയോഗിക്കുമെന്നതിനാല്‍ അതീവ ജാഗ്രതയിലാണെന്നു 2022ല്‍ ബഹുജന പ്രതിഷേധങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ടെഹ്‌റാനിലെ പൗരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.

ഇസ്താംബുള്‍/ബാഗ്ദാദ്: ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിനു പിന്നാലെ വിമതര്‍ക്കെതിരേ കടുത്ത നടപടികളുമായി ഇറാന്‍. ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ട അറസ്റ്റുകളും സൈനിക വിന്യാസവും നടത്തുകയാണെന്ന്് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 13ന് ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ചെക്ക്‌പോയിന്റുകളും സൈന്യത്തിന്റെ തെരുവിലെ സാന്നിധ്യവും ഇരട്ടിയായി. ഇതിനു പിന്നാലെ വ്യാപകമായ അറസ്റ്റും ആരംഭിച്ചു. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡുകള്‍ക്കും ആഭ്യന്തര സുരക്ഷാ സേനയെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ ആരംഭിച്ച വ്യേമയുദ്ധത്തിനൊടുവില്‍ ഇസ്ലാമിക റിപ്പബ്ലിക്ക് അട്ടിമറിക്കപ്പെടുമെന്നാണ് ഇസ്രയേലിലെ ഒരു വിഭാഗവും ഇറാനില്‍നിന്നു നാടുവിട്ട പ്രതിപക്ഷ ഗ്രൂപ്പുകളും കരുതിയത്.

Signature-ad

സര്‍ക്കാര്‍ നയങ്ങളോട് എതിര്‍പ്പുള്ള നിരവധിപ്പേരുമായി സംസാരിച്ചെങ്കിലും ഇവര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വരാന്‍ സാധ്യത കുറവാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആഭ്യന്തര സുരക്ഷയുടെ ഭാഗമായി കുര്‍ദ് മേഖലകളിലടക്കം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് മുതിര്‍ത്ത ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. റവല്യൂഷനറി ഗാര്‍ഡുകള്‍, ബാസിജ് പാരാമിലിട്ടറി വിഭാഗങ്ങള്‍ ജാഗ്രതയിലാണെന്നും ആഭ്യന്തര സുരക്ഷയ്ക്കാണു പ്രധാന്യമമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇസ്രായേല്‍ ഏജന്റുമാര്‍, വംശീയ വിഘടനവാദികള്‍, ഇറാനില്‍ മുമ്പ് ആക്രമണങ്ങള്‍ നടത്തിയതിന്റെ പേരില്‍ കരിമ്പട്ടികയിലുള്ള പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ കാര്യത്തിലും ഇറാന്‍ ഭരണകൂടത്തിന് ആശങ്കയുണ്ട്. ഭരണകൂടം നിലവിലുള്ള സാഹചര്യത്തെ മറയായി ഉപയോഗിക്കുമെന്നതിനാല്‍ അതീവ ജാഗ്രതയിലാണെന്നു 2022ല്‍ ബഹുജന പ്രതിഷേധങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ടെഹ്‌റാനിലെ പൗരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു. അധികൃതര്‍ ഇതുവരെ ഒരു ഡസന്‍ ആളുകളെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചിലരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ചതിനുശേഷം രാഷ്ട്രീയ- സുരക്ഷാ കുറ്റങ്ങള്‍ ചുമത്തി 705 പേരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാനിയന്‍ അവകാശ സംഘടനയായ എച്ച്ആര്‍എന്‍എ പറഞ്ഞു.

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണു പലരെയും പിടികൂടിയത്. തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഉര്‍മിയയില്‍ മൂന്നുപേരെ തൂക്കിലേറ്റി. ഇവരെല്ലാം കുര്‍ദിഷ് വംശജരാണെന്നു ഇറാന്‍-കുര്‍ദിഷ് അവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, ഇതേക്കുറിച്ച് ഇറാന്‍ വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ചെക്ക്പോയിന്റുകളും തിരയലുകളും

ഭീകരവാദികളെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നവരുടെ നുഴഞ്ഞു കയറ്റം തടയാന്‍ പാകിസ്താന്‍, ഇറാഖ്, അസര്‍ബൈജാന്‍ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ചു. നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്‌തെന്നു മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു. ഇറാനിലെ സുന്നി മുസ്ലിംകളും കുര്‍ദിഷ്, ബലൂച് ന്യൂനപക്ഷങ്ങളും ടെഹ്‌റാനിലെ ഷിയാ സര്‍ക്കാരിനെതിരേ കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുന്നവരാണ്. ഇറാഖി കുര്‍ദിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് ഇറാനിയന്‍-കുര്‍ദിഷ് പ്രവര്‍ത്തകരെയും പോരാളികളെയും അറസ്റ്റ് ചെയ്തു. കുര്‍ദിഷ് പ്രവിശ്യയിലെ സ്‌കൂളുകളിലടക്കം റവല്യൂഷനറി ഗാര്‍ഡുകളെ വിന്യസിച്ചെന്നും ആയുധങ്ങളും സംശയമുള്ളവരെയും കണ്ടെത്താന്‍ വീടുകളില്‍ വ്യാപക റെയ്ഡുകള്‍ തുടരുന്നതായും ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ (കെഡിപിഐ)യിലെ റിബാസ് ഖലീലി പറഞ്ഞു.

കുര്‍ദിഷ് മേഖലയിലെ രണ്ട് പ്രധാന നഗരങ്ങളായ കെര്‍മന്‍ഷാ, സനന്ദജ് എന്നിവിടങ്ങളിലെ ബാരക്കുകള്‍ക്ക് സമീപമുള്ള വ്യാവസായിക മേഖല ഒഴിപ്പിച്ചു. സ്വന്തം ഉപയോഗത്തിനായി പ്രധാന റോഡുകളും അടച്ചു. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം കുര്‍ദിഷ് മേഖലകളില്‍നിന്നു മാത്രമായി അഞ്ഞൂറിലധികം പ്രതിപക്ഷാംഗങ്ങളെ അറസ്റ്റ് ചെയ്‌തെന്നു
ഫ്രീ ലൈഫ് പാര്‍ട്ടി ഓഫ് കുര്‍ദിസ്ഥാന്‍ (പിജെഎകെ) പ്രവര്‍ത്തകന്‍ പറഞ്ഞു. ഫോണുകള്‍ ശരീര പരിശോധന എന്നിവയും വ്യാപകമാക്കി.

Back to top button
error: