‘നിങ്ങളെ ഹീനവും അപമാനകരവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഞാന്‍; വിശ്വാസിയായിട്ട് കള്ളം പറയരുത്; അതു നിങ്ങളെ നരകത്തില്‍ എത്തിക്കും; വെറുപ്പിനു പകരമായി കിട്ടിയത് എന്തെന്നു നോക്കൂ’; ഖമേനിയുടെ വെല്ലുവിളിക്കു പിന്നാലെ ഉപരോധം നീക്കാനുള്ള തീരുമാനവും മാറ്റിയെന്ന് ട്രംപ്
അവര്‍ക്കിനി പ്രതീക്ഷയില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. തേനിനു പകരം വിനാഗിരി ഉപയോഗിച്ചതുപോലെയാണ് ഇറാന്റെ കാര്യങ്ങള്‍. നിങ്ങള്‍ തേന്‍ ഉപയോഗിക്കാന്‍ പഠിക്കൂ. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍കൂടുതല്‍ ഗുണം ലഭിക്കും

ന്യൂയോര്‍ക്ക്: യുദ്ധ സമയത്ത് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയാമായിരുന്നെന്നും ഇസ്രയേലും യുഎസ് സൈന്യവും അദ്ദേഹത്തെ കൊല്ലുന്നതില്‍നിന്ന് താനാണു തടഞ്ഞതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘ഹീനവും അപമാനകരവുമായ മരണത്തില്‍നിന്ന്’ അദ്ദേഹത്തെ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു.
ഖമേനി എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയില്ലായിരുന്നെന്നും അതിനാലാണു കൊല്ലാന്‍ കഴിയാതിരുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലൊണ് കടകവിരുദ്ധമായ ട്രംപിന്റെ അവകാശവാദം. അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നവിധം ടെഹ്‌റാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയാല്‍ വീണ്ടും ബോംബിടുമെന്നും ട്രംപ് പറഞ്ഞു.

വെടിനിര്‍ത്തലിനുശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ പുറപ്പെട്ട ഇസ്രയേലി വിമാനങ്ങളെ താന്‍ ഇടപെട്ടാണു തിരിച്ചുവിളിച്ചതെന്നും ഇറാന്‍ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് തടയിട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ഇറാന്‍ ലോകക്രമത്തിലേക്കു തിരികെ വരണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ എപ്പോഴും ശത്രുതവച്ചു പുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. അവര്‍ക്ക് എന്താണു തിരികെ ലഭിച്ചതെന്നു നോക്കൂ. കത്തിക്കരിഞ്ഞ, തകര്‍ന്ന ഒരു രാജ്യം. ഭാവിയില്ലാത്ത സൈന്യം. മോശം സമ്പദ് വ്യവസ്ഥ. ചുറ്റും മരണങ്ങളും. അവര്‍ക്കിനി പ്രതീക്ഷയില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. തേനിനു പകരം വിനാഗിരി ഉപയോഗിച്ചതുപോലെയാണ് ഇറാന്റെ കാര്യങ്ങള്‍. നിങ്ങള്‍ തേന്‍ ഉപയോഗിക്കാന്‍ പഠിക്കൂ. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍കൂടുതല്‍ ഗുണം ലഭിക്കും’- ട്രംപ് പറഞ്ഞു.
ബങ്കറില്‍നിന്ന് പുറത്തുവന്ന ഖമേനിയുടെ പ്രസംഗം കേട്ടപാടെ താന്‍ ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള ഉത്തരവില്‍നിന്ന് പിന്നോട്ടുപോയി. മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ടാല്‍ മുഖത്തടി കിട്ടുമെന്ന് ഓര്‍ക്കണം. കഴിഞ്ഞ ദിവസങ്ങളിലായി ഉപരോധങ്ങള്‍ നീക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇറാന് പെട്ടെന്നു തിരിച്ചുവരാനുള്ള അവസരണമാണ് നഷ്ടമാക്കിയത്. കോപം, വെറുപ്പ്, അസ്വസ്ഥത എന്നിവ നിറഞ്ഞ ഖമേനിയുടെ പ്രസ്താവന പ്രകോപിപ്പിച്ചു. ഉപരോധത്തില്‍ ഇളവു നല്‍കാനുള്ള എല്ലാ നീക്കവും ഉപേക്ഷിച്ചു’. ഖമേനി മണ്ടത്തരങ്ങള്‍ പറയുന്നതിനെയും ട്രംപ് വിമര്‍ശിച്ചു. ‘വലിയ വിശ്വാസിയെന്ന നിലയിലെ അദ്ദേഹം കള്ളം പറയരുതെന്നും ആവര്‍ത്തിച്ചാല്‍ ‘നരകത്തില്‍ എത്താനുള്ള അടികിട്ടും’മെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു.
പ്രസിഡന്റ് ട്രംപ് കരാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഖമേനിയെക്കുറിച്ചു ബഹുമാനത്തോടെ സംസാരിക്കണമെന്നും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്നതു നിര്‍ത്തണമെന്നും മറുപടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സില്‍ കുറിച്ചു.
വ്യോമാക്രമണം നടത്താനും ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള ഇറാന്റെ പ്രതികരണ ശേഷി മുഴുവനായും തകര്‍ന്നെന്നും യുദ്ധമാരംഭിച്ച് ആദ്യ 48 മണിക്കൂറില്‍തന്നെ എല്ലാ വ്യോമ പ്രതിരോധങ്ങളും 80 ആയുധപ്പുരകളും ചാമ്പലായെന്നുമാണ് വിലയിരുത്തല്‍. ഇറാന്റെ വ്യോമാതിര്‍ത്തികളില്‍ സുഗമമായിട്ടാണ് ഇസ്രായേല്‍ വിമാനങ്ങള്‍ പറന്നത്. ലോഞ്ചറുകള്‍, സ്റ്റോക്ക്‌പൈലുകള്‍, ഉല്‍പാദന ഫാക്ടറികള്‍ എന്നിവയും തകര്‍ന്നു. 350 ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ കുറഞ്ഞത് 250 എണ്ണവും 2,500 ബാലിസ്റ്റിക് മിസൈലുകളില്‍ ആയിരവും നശിപ്പിക്കപ്പെട്ടു. ബാലിസ്റ്റിക് അടക്കം ആകെ നൂറോളം ലോഞ്ചറുകളും പരമാവധി 1500 ബാലിസ്റ്റിക് മിസൈലുകളും മാത്രമാണ് അവശേഷിച്ചത്. ഇതില്‍ 550 എണ്ണം ഇസ്രയേലിനെ ലക്ഷ്യമിട്ടു വിക്ഷേപിച്ചു.
സായുധ സേനയുടെയും ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്) യുടെയും മുഴുവന്‍ തലവന്‍മാരും കൊല്ലപ്പെട്ടു. സൈനിക കമാന്‍ഡുകളും നിയന്ത്രണ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഇറാന്റെ എണ്ണക്കിണറുകളും ശുദ്ധീകരണ ശാലകളും നശിപ്പിക്കാനുള്ള അവസരവും ശേഷിയും ഇസ്രായേലിനുണ്ടായിരുന്നു. ഇറാന്‍ അറബ് രാജ്യങ്ങളിലെ എണ്ണയുത്പാദന കേന്ദ്രങ്ങളെ ആക്രമിച്ചേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് ഇതു വേണ്ടെന്നുവച്ചത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അസ്വീകാര്യമായ നാശമുണ്ടായെന്നും ഐഡിഎഫ് വിലയിരുത്തുന്നു. അമേരിക്കന്‍ സമ്മര്‍ദത്തിനു പുറമേ, വെടിനിര്‍ത്തലിന് ഇസ്രയേലിനെ നിര്‍ബന്ധിച്ച ഒരേയൊരു ഘടകം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളായിരുന്നു. എന്നാല്‍, യുദ്ധത്തിന്റെ രാഷ്ട്രീയ- സൈനിക ലക്ഷ്യങ്ങള്‍ ഇസ്രയേലും അമേരിക്കയും നേടിയെടുത്തു. ഭരണമാറ്റം യാഥാര്‍ഥ്യ ബോധമില്ലാത്തതായിരുന്നു എന്നു വിലയിരുത്താമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അതൊരു ലക്ഷ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.