രാംഗോപാല്‍ വര്‍മയുടെ ഭാര്യ ഊര്‍മിളയുടെ മുഖത്തടിച്ചു, ശേഷം വിവാഹമോചനം; അതോടെ നടിയുടെ കരിയറും തകര്‍ന്നു

നടീനടന്മാര്ക്കിടയിലെ പ്രണയങ്ങളും പിണക്കങ്ങളും സംഘര്‍ഷങ്ങളും വലിയ വാര്‍ത്തകളായി ഏറെക്കാലം ചര്‍ച്ചയാകാറുണ്ട്. സംവിധായകനും നടിമാരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും പരിചിതമായ കാഴ്ചയാണ്. എന്നാല്‍ ചില പ്രണയങ്ങള്‍ വലിയ കോലാഹലങ്ങളുണ്ടാക്കി കെട്ടുപോകാറുണ്ട്. അക്കൂട്ടത്തില്‍ പെടുന്നതാണ് രാംഗോപാല്‍ വര്‍മയും ഊര്‍മിള മതോണ്ഡ്കറും തമ്മിലുണ്ടായിരുന്ന ബന്ധം.
രാംഗോപാല്‍ വര്‍മ വിവാദങ്ങളുടെ കളിത്തോഴനാണ്. നിരവധി പേരുമായി ചേര്‍ത്ത് അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അതേപ്പറ്റിയൊന്നും പ്രതികരിക്കാന്‍ അദ്ദേഹം മിനക്കെടാറുമില്ല. പക്ഷേ ഈ വിവാദത്തിന്റെ മുഴുവന്‍ നഷ്ടങ്ങളും പേറേണ്ടി വന്നത് ഊര്‍മിളയാണ്. ഊര്‍മിളയും രാംഗോപാല്‍ വര്‍മയുടെ ഭാര്യ രത്നയും തമ്മിലുണ്ടായ ഉരസല്‍ വലിയ വാര്‍ത്തയായി ഗോസിപ്പ് കോളങ്ങളില്‍ കളം നിറഞ്ഞു. ഏറെ പരാജയങ്ങള്‍ക്ക് ശേഷം ഹിറ്റ് ചിത്രങ്ങളുടെ നായിക എന്ന പദവിയിലേക്ക് ഊര്‍മിള ഉയരുമ്പോഴായിരുന്നു വിവാദം. നല്ല പല പ്രോജക്ടുകളും അതോടെ അവര്‍ക്ക് നഷ്ടമായി. രാംഗോപാല്‍ വര്‍മയും രത്‌നയും വേര്‍പിരിയുകയും ചെയ്തു. രേവതി എന്നൊരു മകള്‍ ഉണ്ടായിരുന്നു ഇരുവര്‍ക്കും.

രാം ഗോപാല്‍ വര്‍മയുടെ ‘രംഗീല’യിലൂടെയാണ് ഊര്‍മിള താരപദവിയിലേക്ക് എത്തുന്നത്. സിനിമ വമ്പന്‍ ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. പിന്നീട് തന്റെ പല ചിത്രണങ്ങളിലും രാംഗോപാല്‍ വര്‍മ നായികയാക്കിയത് ഊര്‍മിളയെയാണ്. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു.
രാംഗോപാല്‍ വര്‍മയുടെ കുടുംബജീവിതത്തില്‍ ഈ വാര്‍ത്തകള്‍ കോളിളക്കങ്ങളായി. ഭാര്യ രത്ന അദ്ദേഹത്തിന്റെ ഷൂട്ടിങ് സെറ്റിലെത്തി. ഊര്‍മിളയെ കാണാന്‍ചെന്ന രത്ന അവരുമായി തര്‍ക്കത്തിലായി. വാക്തര്‍ക്കത്തിനിടെ രത്ന, ഊര്‍മിളയുടെ മുഖത്തടിക്കുകയും ചെയ്തു. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണുണ്ടായത്.
‘ഗണ്‍സ് ആന്‍ഡ് തൈസ്; ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന ആത്മകഥയില്‍ രാംഗോപാല്‍ വര്‍മ തന്റെ ജീവിതത്തിലെ സ്ത്രീകള്‍ എന്നൊരു അധ്യായം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതില്‍ അദ്ദേഹം ഊര്‍മിളയെപ്പറ്റി ഇങ്ങനെ പറയുന്നു; സിനിമയില്‍ വന്നതിനു ശേഷം, എന്നെ ആദ്യമായി സ്വാധീനിച്ച പെണ്‍കുട്ടി ഊര്‍മിള മതോണ്ഡ്കര്‍ ആയിരുന്നു. ഊര്‍മിളയുടെ സൗന്ദര്യത്തില്‍ ഞാന്‍ മയങ്ങിപ്പോയി. നഖം മുതല്‍ മുഖം വരെ അവള്‍ക്ക് ഒരു ദിവ്യത്വം ഉണ്ടായിരുന്നു. ‘രംഗീല’യ്ക്ക് മുമ്പ് അവര്‍ ചെയ്ത സിനിമകളൊന്നും വേണ്ടത്ര വിജയിച്ചിരുന്നില്ല, പ്രേക്ഷകരില്‍ സ്വാധീനം ചെലുത്താനും ആ സിനിമകള്‍ക്കായില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഡിവോഴ്‌സിനെപ്പറ്റി രാംഗോപാല്‍ വര്‍മ്മ പൊതുവേദിയില്‍ പ്രതികരിച്ചു. ഗസലുകളാണ് വിവാഹമോചനത്തിന് കാരണമായതെന്ന വിചിത്രമായ തുറന്നുപറച്ചില്‍. ഗസലുകള്‍ എന്റെ വിവാഹമോചനത്തിന് ഒരു കാരണമാണ്. എന്റെ ഭാര്യയ്ക്ക് ഗസലുകളോട് വല്യ പ്രിയമായിരുന്നു. എനിക്ക് ഇളയരാജ സംഗീതത്തോടും. അവള്‍ രാത്രികളില്‍ ഗസല്‍ കേള്‍ക്കും. അതെനിക്ക് ഇഷ്ടമല്ലായിരുന്നു. അറ്റാക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലായിരുന്നു വര്‍മയുടെ ഈ പ്രതികരണം.