Breaking NewsIndiaLead NewsNEWS

വന്ദേഭാരതില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് യാത്രക്കാരന് മര്‍ദനം; സംഭവം ദൗര്‍ഭാഗ്യകരമെന്ന് ബിജെപി എം.എല്‍.എ

ലഖ്‌നൗ: തനിക്ക് സീറ്റ് ഒഴിഞ്ഞ് നല്‍കാത്തതിന് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ ഒടുവില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ രാജീവ് സിങ്. ഝാന്‍സി ജില്ലയിലെ ബബിന നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ്.

ജൂണ്‍ 19-ാം തീയതി ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം. എംഎല്‍എയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തില്ലെന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ അനുയായികള്‍ ട്രെയിനിലെ രാജ് പ്രകാശ് എന്ന യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജീവ് സിങ്ങിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനമുയര്‍ന്നു.

Signature-ad

തെറ്റിദ്ധാരണമൂലമുണ്ടായ സംഭവമെന്നാണ് രാജീവ് സംഭവത്തെ വിശേഷിപ്പിച്ചത്. തന്റെ അനുയായികളുടെ ഭാഗത്തുനിന്നുണ്ടായ തര്‍ക്കവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നിര്‍ഭാഗ്യകരമായിരുന്നുവെന്നും അത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും എംഎല്‍എ പ്രതികരിച്ചു. വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കുടുംബത്തോടൊപ്പം ഇരിക്കാന്‍ സീറ്റ് മാറിനല്‍കാന്‍ വേണ്ടി ട്രെയിനിലെ ഒരു യാത്രക്കാരനോട് വിനയപൂര്‍വ്വം അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ യാത്രക്കാരനും ഒപ്പമുണ്ടായിരുന്നയാളും പരുഷമായി പ്രതികരിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും രാജീവ് സിങ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അനുയായികള്‍ അമിതാവേശം കാണിച്ചതാണെന്നും തന്റെ അനുമതിയോടെയായിരുന്നില്ല മര്‍ദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിനുശേഷം യാത്രക്കാരനോട് ക്ഷമാപണം നടത്തിയതായും എംഎല്‍എ പറഞ്ഞു.

സംഭവം വിവാദമായതോടെ ജൂണ്‍ 22-ാം തീയതി ബിജെപിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റ് രാജീവ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. പ്രതിപക്ഷ നേതാക്കള്‍ പലരും എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ട യാത്രക്കാരന്‍ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.

 

Back to top button
error: