MovieNEWS

3 ദിവസത്തിനു നല്‍കിയത് 5.9 ലക്ഷം, ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍! ജോജുവിനെതിരെ ലിജോ പെല്ലിശ്ശേരി

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ പറയുന്നു. മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (5,90,000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

”പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്.

Signature-ad

സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍.

Nb: ഇപ്പോള്‍ സോണി ലിവ്വില്‍ ചിത്രം സ്ട്രീം ചെയ്യുന്നു. ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു.”

‘ചുരുളി’ എന്ന സിനിമയുടെ തെറി പറയുന്ന പതിപ്പ് എല്ലാ പ്രേക്ഷകര്‍ക്കും വേണ്ടി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നില്ലെന്നായിരുന്നു ജോജു ജോര്‍ജ് ന്യൂ ഇന്ത്യ എക്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ‘ചുരുളി’യുടെ തെറി ഇല്ലാത്ത ഒരു പതിപ്പുണ്ട് അതില്‍ ഡബ്ബ് ചെയ്തിട്ടുമുണ്ട്. തെറി ഉള്ള പതിപ്പ് ഫെസ്റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്നും തിയറ്ററില്‍ തെറി ഇല്ലാത്ത വേര്‍ഷന്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നതെന്ന് ജോജു പറയുന്നു. തെറി ഉള്ള ‘ചുരുളി’ സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടി റിലീസ് ചെയ്യുകയാണെന്ന് തന്നോട് പറയാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും ആ സിനിമയുടെ തെറിയുടെ പേരില്‍ പഴികേട്ടത് താനാണെന്നും ജോജു ജോര്‍ജ് പറയുന്നു. ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല എന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തിരുന്നു.

”ചുരുളി എന്ന സിനിമയുടെ തെറി പറയുന്ന വേര്‍ഷന്‍ ഫെസ്റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്ന് പറഞ്ഞതിന്റെ പേരില്‍ തെറി പറഞ്ഞ് അഭിനയിച്ചതാണ്. പക്ഷേ അവരത് റിലീസ് ചെയ്തു. ഇപ്പൊ ഞാനാണ് അത് ചുമന്നുകൊണ്ട് നടക്കുന്നത്. ചുരുളിയില്‍ തെറി ഇല്ലാത്ത ഒരു വേര്‍ഷന്‍ ഉണ്ട്. അതില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. അത് തിയേറ്ററില്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ തെറി പറഞ്ഞുള്ള വേര്‍ഷന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അത് അങ്ങനെ റിലീസ് ചെയ്യുമ്പോള്‍ നമ്മളോട് പറയേണ്ട ഒരു മര്യാദ ഉണ്ടായിരുന്നു. അതില്‍ അഭിനയിച്ചതിന് എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല.

 

ആ കാര്യത്തിലൊക്കെ എനിക്ക് നല്ല വിഷമമുണ്ട്. അത് ഞാന്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. പിന്നെ അതിന്റെ പേരില്‍ കേസ് വന്നത്, ഒരുമര്യാദയുടെ പേരില്‍ പോലും ഒരാളും വിളിച്ചു ചോദിച്ചില്ല. പക്ഷേ അത് ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില് ഭയങ്കര പ്രശ്‌നമായിരുന്നു. ഫുള്‍ തെറി പറയുന്ന നാടാണ് പക്ഷെ ഞാന്‍ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോള്‍ പ്രശ്‌നമായി. പക്ഷെ ഞാന്‍ ഇത് സിനിമയില്‍ അഭിനയിച്ചതാണ്. ആ ഡാറ്റ ഇങ്ങനെ ഫെസ്റ്റിവലിന് മാത്രം പോകുന്നതാണ് എന്ന് പറഞ്ഞപ്പോള്‍ ആ ഫെസ്റ്റിവലില്‍ പോയിവരും, എന്നാണു കരുതിയത്. ഇത് ഇങ്ങനെ പബ്ലിക് ആയിട്ട് വരും എന്ന് വിചാരിച്ചില്ല. പറഞ്ഞിട്ട് ഇനി കാര്യമില്ല അത് അങ്ങനെ സംഭവിച്ചു.” ജോജു ജോര്‍ജിന്റെ വാക്കുകള്‍.

‘ചുരുളിയുടെ തെറി പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ പറയേണ്ടത് മര്യാദയായിരുന്നു, കേസ് വന്നത് എനിക്ക്, പ്രതിഫലവും കിട്ടിയില്ല’

വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. പിടികിട്ടാപ്പുള്ളിയായ മൈലാടും പറമ്പില്‍ ജോയി എന്ന കുറ്റവാളിയെ തേടി ആന്റണി, ഷാജിവന്‍ എന്നീ രണ്ട് പോലീസുകാര്‍ വേഷം മാറി കൊടുങ്കാട്ടിനു നടുവിലെ ചുരുളി എന്ന ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്ന് സംഭവിക്കുന്ന വിചിത്രാനുഭവങ്ങളുമാണ് ചുരുളിയുടെ പ്രമേയം. ജോജു ജോര്‍ജും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിനിമ ഫിലിംമേക്കറുടെ കലാസൃഷ്ടിയാണെന്നും അതിലെ ഭാഷ എങ്ങനെ വേണമെന്നു തീരുമാനിക്കാന്‍ സംവിധായകന് വിവേചനാധികാരമുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: