സ്ഥിരമായ താമസസ്ഥലമില്ല, ഫോണ്‍ ഉപയോഗിക്കില്ല; വാഹനമോഷണക്കേസിലെ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍

കോട്ടയം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൊയ്കക്കട ഇന്‍തുങ്കല്‍ സുനില്‍കുമാറാണ് 26 വര്‍ഷങ്ങള്‍ക്കുശേഷം രാമപുരം പോലീസിന്റെ വലയിലായത്. തിരുവനന്തപുരം വട്ടപ്പാറയില്‍ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. 1999 മെയ് 30-ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടില്‍നിന്ന് ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച മൂന്നുപ്രതികളില്‍ രണ്ടാം പ്രതിയാണ് ഇയാള്‍.
കേസിലെ ഒന്നും മൂന്നും പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ സുനില്‍കുമാറിനെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ കൊടുമണ്‍ സ്വദേശിയാണ്. പൊതുചടങ്ങുകളില്‍ ഒന്നും പങ്കെടുക്കാതെ ജീവിച്ചുവരികയായിരുന്നു സുനില്‍കുമാര്‍.

വാട്‌സ്ആപ്പ് വഴി ആവശ്യക്കാര്‍ക്ക് മറ്റുള്ള ആള്‍ക്കാര്‍വഴി ലോട്ടറി എത്തിച്ചു കൊടുത്തിരുന്നു. ഒരുവര്‍ഷം മുന്‍പുവരെ പിരപ്പന്‍കോട് ആയിരുന്നു താമസം. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റുള്ളവരുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലം സുനില്‍കുമാറിന് ഇല്ലാത്തതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല എന്നതിനാലും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
താമസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നിലധികം പട്ടിയെ വളര്‍ത്തിയിരുന്നതിനാല്‍ അയല്‍വാസികള്‍ക്ക് മറ്റും വീട്ടിലേക്ക് കയറുന്നതിനും തടസ്സമായിരുന്നു.കേരളത്തില്‍ കല്ലമ്പലം, കിളിമാനൂര്‍, അഞ്ചല്‍, പാലാ, രാമപുരം പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. ഇയാള്‍ക്ക് മറ്റ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. രാമപുരം പോലീസ് അറസ്റ്റുചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.