അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ ഭീഷണിപ്പെടുത്തി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധത്തിന് പിന്നാലെ അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യയെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നു പറഞ്ഞ് മാസങ്ങളോളം സമ്മർദ്ദം ചെലുത്തിയ അമേരിക്ക ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളോടും റഷ്യൻ ക്രൂഡ് വാങ്ങണമെന്ന് അപേക്ഷിക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പരിഹസിച്ചു.
സാമൂഹ്യ മാധ്യമമായ എക്‌സിലെ (X) കുറിപ്പിലാണ് അരാഗ്ചിയുടെ പ്രതികരണം. “റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് പറഞ്ഞ് അമേരിക്ക ഇന്ത്യയെ മാസങ്ങളോളം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വൈറ്റ് ഹൗസ് ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തോട്, റഷ്യൻ ക്രൂഡ് വാങ്ങണമെന്ന് അപേക്ഷിക്കുകയാണ്”.
അതുപോലെ മാർച്ച് 5ന് അമേരിക്ക ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനായി 30 ദിവസത്തെ ഇളവ് അനുവദിച്ചതിനെയും അദ്ദേഹം വിമർശിച്ചു. മുമ്പ് ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്ന അമേരിക്കയുടെ നടപടി ഇപ്പോഴത്തെ സാഹചര്യത്തിനു വിരുദ്ധമാണെന്ന് അരാഗ്ചി പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്പിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഇറാനെതിരെയുള്ള യുദ്ധം “നിയമവിരുദ്ധം” ആണെന്നും, ഈ യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അമേരിക്കയുടെ പിന്തുണ ലഭിക്കും എന്നായിരുന്നു യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടലെന്നും അരാഗ്ചി ആരോപിച്ചു. ഇപ്പോഴത്തെ അമേരിക്കൻ ഭരണകൂടത്തിന്റെ റഷ്യൻ ക്രൂഡ് വാങ്ങലുമായി ബന്ധപ്പെട്ട നിലപാട് ദയനീയമായതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണവില വർധിക്കുകയും വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇത് നിയന്ത്രിക്കാനായി, ഉപരോധം ഏർപ്പെടുത്തിയിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് അമേരിക്ക താത്കാലിക ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ വിമർശനം. എണ്ണവില വർധിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അരാഗ്ചിയുടെ പോസ്റ്റ്.
അതുപോലെ മേഖലയിൽ യുദ്ധം നടക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്രയ്ക്ക് ഇറാൻ തടസം നിൽക്കില്ല. ഇന്ത്യയിലേക്കുള്ള രണ്ട് എൽ.പി.ജി കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത ഒരുക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി.






