Breaking NewsLead NewsNEWSTechWorld

ഇറാന്‍ ആണവനിലയങ്ങള്‍ തകര്‍ത്ത് യു.സിന്റെ ‘പറക്കുംതളിക’… റഡാര്‍ കണ്ണുകളെ വെട്ടിക്കും, ഇത് പതിനാറായിരം കോടി രൂപയുടെ ബി2 ബോംബര്‍!

വാഷിങ്ടണ്‍: ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പത്തു ദിവസം മുന്‍പ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാല്‍, ഇത് പൂര്‍ണമായി വിജയിച്ചില്ല. ആണവ നിലയങ്ങള്‍ക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ.

ഭൂമിക്കടിയില്‍ ശക്തമായ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഇതു കൈവശമുള്ള യുഎസ്, ഇറാനില്‍ ആക്രമണം നടത്തുകയായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്‌ഫോടനം നടത്താന്‍ കഴിയുന്ന ഈ ബോംബ് വഹിക്കാന്‍ കഴിയുന്നത് ബി 2 സ്റ്റെല്‍ത്ത് ബോംബറിനാണ്. അതിനാലാണ് ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തില്‍നിന്ന് ഈ വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

Signature-ad

നോര്‍ത്രോപ് ഗ്രമ്മന്‍ കമ്പനിയാണു ബി 2 യുദ്ധവിമാനം നിര്‍മിച്ചിട്ടുള്ളത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്. ഹെവി ബോംബര്‍ എന്ന യുദ്ധവിമാന വിഭാഗത്തില്‍ പെടുന്നതാണ് ഈ വിമാനം. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താന്‍ ഇതിനു സാധിക്കും. ഒരു പറക്കുംതളികയുടെ രൂപഘടനയുള്ള ഈ വിമാനത്തിന്റെ സ്റ്റെല്‍ത്ത് ശേഷിയും കെങ്കേമമാണ്. വിമാനത്തെ കണ്ടെത്താന്‍ ശത്രു റഡാറുകള്‍ക്ക് കഴിയില്ല. 1988ല്‍ വിമാനത്തിന്റെ നിര്‍മാണത്തിനു തുടക്കമായി. യുഎസ് എയര്‍ഫോഴ്‌സിന്റെ പക്കല്‍ മാത്രമാണ് ഈ വിമാനം ഉള്ളത്. ഏകദേശം രണ്ടു ബില്യണ്‍ ഡോളര്‍ (പതിനാറായിരം കോടി രൂപ) ആണ് ഒരു വിമാനത്തിന്റെ മാത്രം വില. 19 വിമാനങ്ങള്‍ ഉണ്ടെന്നാണ് വിവരം.

ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, എസ്ഫാന്‍ ആണവനിലയങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു.

Back to top button
error: