
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ പുതിയൊരു കോര്‍പ്പറേറ്റ് പുനഃസംഘടനയ്ക്കൊരുങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം, സെയില്‍സ് വിഭാഗത്തില്‍ നിന്നാകും കൂട്ട പിരിച്ചുവിടല്‍ നടക്കുക. ഈ നീക്കം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഘട്ടത്തില്‍ അതായത് മേയ് മാസത്തില്‍ 6,000 തസ്തികകളില്‍ (ആഗാളതലത്തില്‍ മൂന്ന് ശതമാനം) നിന്ന് ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഞ്ചിനീയറിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിച്ചിരുന്നു. 2024ല്‍ ഏകദേശം 2,28,000 പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.

എഐയുടെ വരവോടെയാണ് ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നത് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല. എഐയുടെ വരവ് കമ്പനിയുടെ തൊഴില്‍ ശക്തിയെ പുനഃര്‍നിര്‍മ്മിക്കുന്നുണ്ടാകാമെന്ന് നിരീക്ഷകര്‍ കരുതുന്നു. മൈക്രോസോഫ്റ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ആന്തരിക ഗവേഷണ പ്രബന്ധത്തില്‍ എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടീമുകളും ഭാവിയെക്കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.